Monday, May 20, 2013

കടാങ്കോട്ട് മാക്കം .....അഗ്നിപരീക്ഷണങ്ങളിൽ ഉലയാത്ത പാതിവൃത്യം

പയ്യന്നൂർ  കുഞ്ഞിമംഗലം  കടാങ്കോട്  എന്ന നായർ  തറവാട്ടിലെ ഉണ്ണിചെറിയമ്മയ്ക്ക്  12 ആണ്‍മക്കൾക്ക്‌ ശേഷം ഒരുപാട് പ്രാർത്ഥനകളും   വഴിപാടുകളും നടത്തി കിട്ടിയ അതീവ തേജസ്സോടു കൂടി ജനിച്ച മകളാണ് മാക്കം.കോലത്തിരിയുടെ പടനായകന്മാരായ 12 ആങ്ങളമാരുടെ ലാളനയേറ്റ്
അവൾ വളർന്നു .ആങ്ങളമാരുടെ കണ്ണിലുണ്ണിയായ മാക്കത്തെ  അവർ മച്ചുനനായ കുട്ടിനംബർക്കു തന്നെ വിവാഹം ചെയ്തു കൊടുത്തു. അതിൽ അവർക്ക്  ചാത്തുവും ചീരുവും എന്ന് പേരായാ രണ്ടു പൊൻമക്കൾ ഉണ്ടായി. മരുമക്കത്തായ സമ്പ്രദായ പ്രകാരം മാക്കത്തെ കടാങ്കോട്ട് തറവാട്ടിൽ തന്നെ താമസിപ്പിക്കാൻ ആങ്ങളമാർ തീരുമാനിച്ചു. എന്നാൽ നാത്തൂൻമാർക്ക്  തങ്ങളുടെ ഭർത്താക്കൻമാർ  ചെയ്ത ഈ പ്രവൃത്തി തീരെ ഇഷ്ടപെട്ടില്ല.അവർ ഒരുപാട് തവണ മാക്കത്തെ കുറ്റം പറഞ്ഞു ചെന്നു  എങ്കിലും കുഞ്ഞുപെങ്ങളെ കുറിച്ച്  ഭാര്യമാർ പറയുന്നത് അവർ അധികം ചെവിക്കൊള്ളാൻ പോയില്ല. നാത്തൂൻമാർക്ക്  വാശി കേറി.ഇനി മാക്കത്തെ  ഇവിടെ നിന്നും പുറത്താക്കിയിട്ടെ അടങ്ങു എന്ന് അവർ തീരുമാനിച്ചു .അതിനായി തക്കം പാർത്തിരുന്നു.ആയിടക്കാണ് കോലത്തിരിയുടെ ആഞ്ജപ്രകാരം ആങ്ങളമാർക്കു പടക്ക് പോകേണ്ടി വന്നത്.ഭർത്താക്കന്മാർ പടയ്ക്ക് പോയ തക്കം നോക്കി നാത്തൂൻമാർ മാക്കത്തിനെ   അവരിൽ  നിന്നും അകറ്റാൻ തന്ത്രം മെനഞ്ഞു. എന്നും വീട്ടിലേക്കു എണ്ണയുമായി വരുന്ന വാണിയനെയും മാക്കത്തെയും  ചേർത്ത്  അവർ അപവാദകഥകൾ പറഞ്ഞുണ്ടാക്കി.മാക്കത്തിന്റെ ആങ്ങളമാർ തിരിച്ചു വരുന്ന സമയവും വാണിയൻ  എണ്ണയും കൊണ്ട് വന്ന സമയവും ഒന്നായിരുന്നു ..ആ തക്കം നോക്കി അവർ മാറി നിന്നു. ആരും എണ്ണ  വാങ്ങിച്ചുവയ്ക്കാനില്ലാതായി. ഋതുവായി മുറിക്കുള്ളിൽ ഇരിക്കുന്ന മാക്കം വാണിയനോട് എണ്ണ  അകത്തു പടിഞ്ഞാറ്റയിൽ  വച്ചോളാൻ  പറഞ്ഞു .എണ്ണ അകത്തുവച്ച് വാണിയൻ  പുറത്തിറങ്ങുമ്പോഴേക്കും ഭർത്താക്കൻമാരെയും കൂട്ടി നാത്തൂൻമാർ അവിടെ എത്തിയിരുന്നു .അവർ ദ്വയാർത്ഥതോട് കൂടിയുള്ള ചിരി ആങ്ങളമാരെ ദേഷ്യം പിടിപ്പിച്ചു.തറവാട്ടിനും നാടിനും അപമാനമായ മാക്കത്തെ കൊന്നുകളയണം എന്നവർ തീരുമാനിച്ചു.എന്നാൽ അതിനു കൂട്ട് നില്ക്കാൻ ഇളയ ആങ്ങളയും ഭാര്യയും നിന്നില്ല .അവർ വീട് വിട്ടിറങ്ങിപോയി .

കോട്ടയം കാവിൽ വിളക്ക്  കാണാം എന്ന വ്യാജേനെ 11 ആങ്ങളമാർ മാക്കത്തെയും കൂട്ടി യാത്രയായി.അവരുടെ ദുരുദ്ദേശം മാക്കത്തിന് മനസ്സിലായി. കുളിച്ചു തന്റെ കുടുംബ ദേവതയായ വീരചാമുണ്‍ടിയുടെ

കൊട്ടിലകത്തു കേറി വിളക്ക്  വച്ച് തന്റെ നിരപരാധിത്വം മാലോകർക്ക് കാട്ടിക്കൊടുക്കണം എന്ന് പ്രാർത്ഥിച്ചു  ആങ്ങളമാരുടെ കൂടെ യാത്രയായി.പോകുന്ന വഴിയിൽ  മാടായിക്കാവിലമ്മയെയും കടലായികൃഷ്ണനെയും കളരിവാതിക്കൽ ഭഗവതിയെയും കണ്ടു തൊഴുതു.നടന്നു ചാലയിൽ എത്തിയപ്പോൾ മക്കൾക്ക്‌ ദാഹിക്കുന്നു  എന്ന് മാക്കം ആങ്ങളമാരോട് പറഞ്ഞു .അവർ അനുമതി നൽകിയതിൻ പ്രകാരം  വെള്ളം കുടിക്കാൻ ചാലയിലെ പുതിയ വീട്ടിൽ കേറി .തേജസ്വിനിയായ മാക്കത്തെയും മക്കളെയും കണ്ട അവിടുത്തെ അമ്മ അവർക്ക് ദാഹം തീർക്കാൻ കിണ്ടിയിൽ പാൽനൽകി. അവരോടുള്ള നന്ദി സൂചകമായി തന്റെ കഴുത്തിലുംകാതിലുമുണ്ടായിരുന്ന ആഭരണങ്ങൾ ഊരി കിണ്ടിയിൽ ഇട്ടുകൊടുത്തു.അവർ നടന്നു മമ്പറം  കടവ് കടന്നു .മമ്പറം കടന്നു തച്ചങ്കരപള്ളിയിൽ ഒരു പൊട്ടകിണറ്റിനടുത്ത് എത്തിയപ്പോൾ ആങ്ങളമാർ മാക്കത്തോട്‌  കിണറ്റിൽ  നട്ടുച്ചയ്ക്ക് നക്ഷത്രമുദിച്ചത് കണ്ടോ എന്ന് പറഞ്ഞു.കിണറ്റിലേക്ക് നോക്കിയ മാക്കത്തെയും മക്കളെയും അവർ ചുരിക തലയറുത്തു കൊന്നു.ഈ രംഗങ്ങൾ കണ്ടുകൊണ്ട് അടുത്ത കാട്ടിൽ മുളവെട്ടിക്കൊണ്ടിരുന്ന മാവിലാൻ പേടിച്ചു നിലവിളിച്ചു . അവർ അവനെയും കൊന്നു കിണറ്റിലിട്ടു. താമസിയാതെ  സഹോദരന്മാർ തമ്മിൽ കലഹിച്ചു തമ്മിൽ തമ്മിൽ തന്നത്താൻ മറന്നു വാളുകൊണ്ട് കൊത്തിമരിച്ചു. കടാങ്കോട്ടെ വീട്ടിൽ നാത്തൂൻമാർക്ക് ഏഷണി പറഞ്ഞു ഭ്രാന്തുവന്നു.അവർ തൂങ്ങിമരിച്ചു.കടാങ്കോട് തറവാട് അഗ്നിക്കിരയായി.വീരചാമുണ്‍ടിയുടെ സാന്നിധ്യമുള്ള കൊട്ടിലകം മാത്രം കത്തിയില്ല. മാക്കത്തിന്റെ നിരപരാധ്വിതം മാലോകർക്ക് മനസ്സിലായി.മാക്കവും മക്കളും വീരചാമുണ്‍ടിയിൽ ലയിച്ചു   ദൈവകരുവായി മാറി. തന്റെ ചാരിത്ര്യ ശുദ്ധി തെളിയിച്ച മാക്കത്തിനും മക്കൾക്കും കൂടെ മരണമടഞ്ഞ മാവിലാനും താമസിയാതെ   കോല രൂപം നൽകി കോലം  കെട്ടി ആരാധിക്കാൻ ജനങ്ങള് തീരുമാനിച്ചു .അങ്ങനെ ചാരിത്ര്യശുദ്ധി തെളിയിച്ച മാക്കം മലബാറിന്റെ ആരാധ്യ ദേവതകളിൽ ഒരാളായി മാറി .

ഫോട്ടോ കടപ്പാട്: ഗൂഗിൾ

4 comments: