Monday, April 8, 2013

പുലിയൂര് കാളി..... രൗദ്ര ഭാവമുള്ള ശിവപുത്രിഒരിക്കൽ തുളൂർ വനത്തിലൂടെ സഞ്ചരിക്കാൻ ഇടയായ പാർവ്വതിപരമേശ്വരന്മാർക്ക്  പുലികളുടെ ക്രീഡ  കണ്ട്  അങ്ങനെ ആയിതീരണമെന്ന മോഹം ഉണ്ടായി .. അങ്ങനെ പുലി രൂപമെടുത്തു  പുലികണ്ടനും പുള്ളികരിങ്കാളിയുമായി തീർന്ന  അവർക്ക്  താതെനാർ കല്ലിന്റെ  തായ്മടിയിൽ 5 പൊൻമക്കൾ ഉണ്ടായി .. 4 ആണ്‍മക്കൾ ഉണ്ടായ ശേഷം ദേവിക്ക് ഒരു പെണ്‍കുട്ടി കൂടി വേണം എന്ന ആഗ്രഹം ഉദിച്ചു ..അങ്ങനെ ഏറ്റവും ഇളയവളായി പുലിയൂര് കാളി ജനിച്ചു .. വിശന്നു വലഞ്ഞ  പുലികുട്ടികൾ നാട്ടിലിറങ്ങി കുറുംബ്രാതിരി വാണോരുടെ  ആലയിലെ പശുക്കളെ ഭക്ഷിച്ചു .. പുലിദൈവങ്ങളാണ് ഇതിനു പിന്നിലെന്ന് മനസ്സിലാക്കിയ വാണോർ വീരനായ തന്റെ പടനായകന് കരിന്തിരി കണ്ണൻ നായരോട് പുലികളെ കൊന്നൊടുക്കാൻ ആവശ്യപ്പെട്ടു .. തന്റെ മരണം പുലിദൈവങ്ങളുടെ കയ്യാൽ തന്നെയാണ് എന്നറിഞ്ഞു കൊണ്ട് തന്നെ കരിന്തിരി കണ്ണൻ തുളൂർ വനത്തിൽ ചെന്ന് ചന്ദ്രേരൻ  മാവിൽ പുലികളുടെ വരവും  കാത്ത് ഒളിച്ചിരുന്നു.. ഒളിപുറമേ തുള്ളി വീണ പുലികണ്ടൻ കരിന്തിരി കണ്ണൻ നായരെ വധിച്ചു .. പുലിദൈവങ്ങളാൽ  വധിക്കപ്പെട്ട കരിന്തിരി കണ്ണൻ ദൈവകരുവായി മാറി ..

പുലികളുടെ ശക്തി മനസ്സിലാക്കിയ കുറുംബ്രാതിരി വാണോർ  തുളുവനത് ഭഗവതിയുടെ വലതു വശത്ത് സ്ഥാനവും പീഠവും  നല്കി ആദരിച്ചു .. തുളുവനത്തു ഭഗവതിയെ നായനാരായി സ്വീകരിച്ചു ദൈവങ്ങൾ  തുളുവനത്തു വാണു.. തുളുവനത്തു ഭഗവതിയെ തൊഴാൻ വന്ന കാരിയത്തു മൂത്ത തണ്ടാന്റെ കെട്ടും ചുറ്റും കണ്ടു മോഹിച്ച് അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലിദൈവങ്ങൾ  രാമരത്തെക്ക്എഴുന്നള്ളി.. അവിടുന്ന്മേലേടത്ത്  തറവാട്ടിലേക്കും  അവിടെ നിന്നും പിന്നീട് കണ്ടോത്ത്  കൂറുംബ  ക്ഷേത്രത്തിലേക്കും എഴുന്നള്ളി ..അവിടുന്നും മതിപോര എന്ന  അവസ്ഥയെ കരുതി കൂറുംബ  ക്ഷേത്രവും കോറോം മുച്ചിലോട്ടു  ക്ഷേത്രവും കോയ്മ സ്ഥാനം വഹിച്ചിരുന്ന  പനയന്തട്ട നായരുടെ തറവാടിന്റെ പടിഞ്ഞാറ്റയിൽ  വന്നു കയ്യെടുത്തു.. കോറോം മുച്ചിലോട്ടു നിന്നും ഒരു തവണ മുച്ചിലോട്ടു ഭഗവതിയുടെ എളത്തു  വന്നപ്പോൾ പുലിദൈവങ്ങൾ എനിക്ക് ഇവിടെ ദുരിതം വരുത്തുന്നുവെന്നു വീട്ടമ്മ ദേവിയോട് പരാതി പറഞ്ഞു .. പടിഞ്ഞാറ്റയിൽ  പുലിദൈവങ്ങളുടെ സാനിധ്യമുണ്ടായിരുന്ന കുറ്റിവിളക്ക്  വലതു കയ്യാൽ പറിച്ചെടുത്ത്‌  കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ കിഴക്കേ പടിക്കരികിൽ ഉറപ്പിച്ചു മുച്ചിലോട്ടമ്മ .. അങ്ങനെ പുലി ദൈവങ്ങളുടെ സാന്നിധ്യം കോറോം മുച്ചിലോട്ടു ഉണ്ടായി .. പിന്നീടു എല്ലാ മുച്ചിലോട്ടു കാവുകളിലും പുലിയൂര് കണ്ണനും പുലിയൂര് കാളിക്കും പള്ളിപീഠങ്ങൾ   ലഭിച്ചു ..

സാധാരണയായി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പുലിയൂര് കാളി തെയ്യത്തെ ഉപ ദേവ സ്ഥാനത്ത്  ഒറ്റയ്ക്ക് കെട്ടിയാടാറുണ്ട്  ..എന്നാൽ മറ്റുള്ള പുലിതെയ്യങ്ങൾ  അങ്ങനെ പ്രത്യേകം കോലമായി  കെട്ടിയാടാറില്ല  .. എന്നാൽ ചില ഇടങ്ങളിൽ പുലിയൂര് കണ്ണനും പുലിയൂര് കാളിയും മാത്രം കോലമുണ്ട്.. പുലിദൈവങ്ങൾ  മൊത്തമായി കെട്ടിയാടുന്ന ക്ഷേത്രങ്ങൾ  ഐവർ  പരദേവതാ ക്ഷേത്രങ്ങൾ എന്നാണു അറിയപ്പെടുന്നത്..വളരെ മനോഹരമായ നൃത്ത ചുവടുകൾ ഉള്ള ദേവിയുടെ തിരുനൃത്തം തീർച്ചയായും  നമ്മുടെ കണ്ണുകളെ കുളിരണിയിക്കും ..

വണ്ണാൻ സമുദായക്കാരണ്  ഈ തെയ്യകോലം കെട്ടിയാടുന്നത്‌ .. വലിയ വട്ടമുടി വച്ച ദേവി നിർത്താതെ കറങ്ങുന്നതും കൊണ്ട് തിരുമുടി നിലത്തുമുട്ടിക്കുന്ന തരത്തിലുള്ള തിരുമുടി വണക്കം ചെയ്യുന്നതിലുംകൊണ്ട്   നല്ല ശാരീരിക ക്ഷമത  ഉള്ള ആളായിരിക്കണം കോലക്കാരൻ .. ഇല്ലെങ്കിൽ തീർച്ചയായും ഭംഗികുറവ് നൃത്തത്തിൽ അനുഭവപ്പെടും ..

.

No comments:

Post a Comment