Thursday, March 7, 2013

ശ്രീ വേട്ടക്കൊരുമകന്‍ (ശ്രീ ശാസ്താവീശ്വരൻ).അഭിമാന്യ പ്രഭു

വനവാസകാലത്ത് വ്യാസന്റെയും ശ്രീകൃഷ്ണന്റെയും നിര്‍ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനു വേണ്ടി അര്‍ജ്ജുനന്‍  ശിവനെ തപസ്സു ചെയ്തു.. അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ ശിവപാര്‍വ്വതിമാര്‍ വേടരൂപം പൂണ്ടു .. ദേവിയുടെ വേടരൂപം കണ്ട് കാമ മോഹിതനായി തീര്‍ന്ന ദേവന് പാര്‍വ്വതിയില്‍ ഉണ്ടായ പുത്രനത്രെ ശ്രീ വേട്ടക്കൊരുമകന്‍ ദൈവത്താര്‍

 .. ശ്രീ ശാസ്താവിന്‍റെ അവതാരമായ വേട്ടക്കൊരുമകനില്‍ മഹാദേവന്റെ അത്രയും തന്നെ പ്രഭ കണ്ട ദേവകള്‍ ഭയചകിതരായി.. കാക്കയെ പോലെ കണ്ണുള്ളവനും  പതുക്കെ നടക്കുന്നവനുമായ വേട്ടക്കൊരുമകനെ മാനുഷ ലോകത്തിലേക്ക്‌ അയക്കാന്‍ മഹാദേവനോട്  ദേവകള്‍ ആവശ്യപെട്ടു .. ദേവകളുടെ പരാതി കേട്ട പരമശിവന്‍ പുത്രനെ മാനുഷ ലോകത്തിലെക്കയച്ചു ..ഭൂമിയില്‍ എത്തിയ  ദേവന്‍  തിരുവനന്തപുരം ,തൃശ്ശിവ പേരൂര്,തൃകുറ്റിശ്ശേരി, വയത്തൂര്, കോഴിക്കോട് എന്നിങ്ങനെ പലയിടങ്ങളില്‍ അലഞ്ഞു..ഒടുവില്‍  പുള്ളിയൂര്‍ കാവില്‍ ഉത്സവത്തിനു വന്ന കാറ കൂറ ഇല്ലത്തെ പെണ്‍കുട്ടിയെ കണ്ടുമോഹിക്കുകയും അവളെ വേള്‍ക്കുകയും ചെയ്തു ..

കാറകൂറ ഇല്ലം വകയായിരുന്ന ബാലുശ്ശേരി കോട്ട കുറുംബ്രാതിരി വാണോരു കയ്യടക്കി വച്ചിരിക്കുകയായിരുന്നു.. വേട്ടയ്ക്കൊരുമകന്‍ തന്‍റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള തന്‍റെ പുത്രനെയും കൂട്ടി കോട്ട പിടിക്കാന്‍ പുറപ്പെട്ടു .. എല്ലാം പ്രതിസന്ധികളും അതിജീവിച്ച് അവര്‍ വാഴുന്നോരുടെ മുന്‍പിലെത്തി .. കോട്ട വിട്ടുകൊടുക്കാന്‍ വാഴുന്നോരു സമ്മതിച്ചു എങ്കിലും വേട്ടയ്ക്കൊരുമകനെ ഒന്ന് പരീക്ഷിക്കണമെന്ന് തോന്നി .. ആളുന്ന തീയില് തന്‍റെ ചേല വിരിച്ചു കാറകൂറകിടാവ് ...കുളിച്ചു വന്നു തീയില്‍ നിന്നും ചേല തിരിച്ചെടുത്തു ഉടുത്തു വാണോരേ വിസ്മയിപ്പിച്ചു ..എണ്ണിയാലൊടുങ്ങാത്ത നാളികേരം എറിഞ്ഞുടച്ചു  ഉഗ്രപ്രതാപിയായ വേട്ടക്കൊരുമകന്‍   .. നായരായി പുറപ്പെട്ട് നാളികേരം തകര്‍ത്ത്  ഐശ്വര്യം വിളയിച്ച അഭിമാന്യ പ്രഭുവിന്  ഇരിക്കാന്‍ പീഠവും സ്ഥാനവും നല്‍കി ആദരിച്ചു വാഴുന്നോര്‍ ..

കുറുംബ്രനാട്ടു സ്വരൂപത്തിന്റെ ദേവനായ വേട്ടയ്ക്കൊരുമകന്‍ തന്‍റെ സുഹൃത്തുക്കളായ വൈരജാതനെയും ക്ഷേത്രപാലകനെയും കൂട്ടി ദുഷ്ടരെ കൊന്നൊടുക്കി ശിഷ്ടരെ പരിപാലിച്ചു എന്നുമാണ് കഥ.. ഈ തെയ്യം കെട്ടിയാടുന്നത്‌ വണ്ണാന്‍ സമുദായക്കാരാണ് .. ദേഹത്ത് പച്ചനിറം ഉപയോഗിക്കുന്ന അപൂര്‍വ്വം തെയ്യ്ക്കൊലങ്ങളില്‍ ഒന്നാണ് വേട്ടക്കൊരുമകന്‍ ..
ശാസ്താവ് എന്ന പേരില്‍ ഈ ദേവനെ മാത്രമായി കെട്ടിയാടുന്ന അപൂര്‍വ്വമായ  ഒരു ക്ഷേത്രം  ഉണ്ട്..  നരിക്കോട് നടുവലത്ത് കോട്ടം.. ബാക്കിയെല്ലായിടങ്ങളിലും ഊര്‍പഴശ്ശി വേട്ടക്കൊരുമകന്‍ പുറപ്പാട് ഒന്നിച്ചാണ് എങ്കില്‍ ഇവിടെ ശാസ്താവിനു പ്രത്യേകം കോലമാണ്.. ഊര്‍പഴശ്ശി  ഇല്ല എന്നു മാത്രമല്ല ശാസ്താവിന്‍റെ  തോഴനായി കരിവേടന്‍ എന്ന ദേവനാണ് ഇവിടെ ഉള്ളത്.. ഊര്‍പഴശ്ശി പോലെ തന്നെ വൈഷ്ണവാംശ ദേവനാണ് കരിവേടനും ... പക്ഷെ മുഖത്തെഴുത്തും ചമയങ്ങളിലും മാറ്റമുണ്ട്.. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ അതു  മനസ്സിലാക്കാന്‍ പറ്റും.. ഇവിടെ ശാസ്താവ് എത്തിയത് കുന്നുമ്മൽ തറവാട്ടിലെ കാരണവരുടെ കൂടെയാണ് എന്ന് കരുതപെടുന്നു.. കുടകിൽ ജോലിക്ക് പോയ ഇദ്ദേഹത്തെ കള്ളൻമാർ ആക്രമിക്കാൻ വന്നു എന്നും ഓടി ചെന്നത് ഒരു ഒഴുക്കുള്ള നദിക്കരയിലാണ് എന്നും ഒരു വശത്ത് ഒഴുക്കുള്ള പുഴയും മറുവശത്ത് കള്ളന്മാരുമായി രക്ഷപെടാൻ ഒരു മാർഗവുമില്ലത്തപ്പോൾ അദ്ദേഹം കുടകില് വച്ച് ആരാധിച്ചു കൊണ്ടിരുന്ന ശാസ്താവീശ്വരനെ വിളിച്ചു കരഞ്ഞു എന്നും ദേവൻ കുതിരപുറത്തേറി വന്നു കുന്നുമ്മൽ കാരണവരെ രക്ഷിച്ചു എന്നും കഥ .. പിന്നീട് കുന്നുമ്മൽ കാരണവരുടെ ആഗ്രഹപ്രകാരം  അദ്ദേഹത്തിന്റെ തറവാടായ നരിക്കോട് നടുവലത്ത് വീട്ടിന്റെ കൊട്ടിലകത്തു തോഴനായ കരിവേടനോട് കൂടെ വന്നു കുടിയിരുന്നു  എന്നും തെയ്യത്തിന്റെ വാമൊഴികളിൽ  നിന്നും കേള്ക്കാം..

ഊര്‍പഴശ്ശി::

മേലൂര് ഇളംകന്യാവിനു വിഷ്ണുപ്രസാദത്താല്‍ ജനിച്ച പുത്രന്‍ ധയരപ്പനാണ് 
ഊര്‍പഴശ്ശി.. ശിവ പുത്രനായ വേട്ടയ്ക്കൊരുമകന്റെ  പ്രഭാവം താങ്ങാന്‍ കഴിയാതെ ഭൂമിദേവി  തന്‍റെ പതിയായ  മഹാവിഷ്ണുവിനോട്‌ പരാതി പറയുകയും ദേവന്‍ പുത്രനെ വേട്ടയ്ക്കൊരുമകനെ അനുഗമിക്കാന്‍ പറയുകയും ചെയ്തു .. ബാലുശ്ശേരി കോട്ടയില്‍ വന്നു വേട്ടക്കൊരുമകനെ കണ്ട്  തന്‍റെ ആഗമനൊദേശ്യം അറിയിക്കുകയും ദേവന്‍റെ കൂടെ ചേര്‍ന്ന് ദുഷ്ടനിഗ്രഹം നടത്തുകയും ചെയ്തു .. 
ശ്രീ ശാസ്താവ് :ശ്രീ കരിവേടന്‍ :


വേട്ടക്കൊരുമകന്‍ ഊര്‍പഴശ്ശി :: ഫോട്ടോ കടപ്പാട് : ഗൂഗിള്‍ 

"നായരായി പുറപ്പെട്ടു നാളികേരം തകർപ്പാന് 
നാഴികാമൂന്നു ഇരുപതോരായിരം  നൽതേങ്ങയും 
കുടു കുടാ    ഇടിപോലെ തകർത്താടി  വരുന്നവൻ 
കുടുകുടാ ഇടിയും നല്ലിളം ചേകോൻ കളിയും 
ഓർത്താലാത്ര കീർത്തിയെഴും 
ബാലുശ്ശേരി കോട്ടയിൽ വാണ 
വേട്ടക്കൊരുമകൻ തുണക്കേണം നമുക്ക്"


5 comments:

 1. ഊര്‍പ്പഴശ്ശി ദൈവം മേലൂര്‍ രയരപ്പനാണോ അതോ ധയരപ്പനോ? രയരപ്പനാവാനാണ് സാധ്യത...ഏതായാലും സംഭവം കലക്കി..അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. ചിലപ്പോ രയരപ്പനായിരിക്കും ഞാന്‍ മനസ്സിലാക്കി വച്ചതിന്റെ കുഴപ്പമായിരിക്കും

   Delete
 2. Oorppazhassi daivatharum vettakkorumakanum onnichanu sadharana purappedaru. ennal Kanhirode Sree Porkkali bhagavathi kshethrathil Orppazhassi daivathar irangi mudi azhichu 2 theyyangal koodi kazhinju oduvilanu vettakkorumakan purappeduka

  ReplyDelete
 3. വേട്ടക്കരുമകൻ/ വേട്ടക്കൊരുമകൻ അല്ല നാളികേരം മുടച്ചത് കാറകൂറക്കിടാവാണെന്ന് തോറ്റങ്ങളിൽ കാണാം..മകന്റെ ചേലയാണ് അഗ്നിയിൽ വച്ച് കുളിച്ച് വന്ന് കുടഞ്ഞുടുത്തത്..രയരപ്പനെതന്നെയാണ് ദയരപ്പൻ എന്നും പറയുന്നത്..രൈരു എന്നു പറയുന്നതും ഇതുതന്നെ..രാമർ എന്നതിൽ നിന്നാവം ഈ പെരു വന്നത് രാമറപ്പൻ രയരപ്പനായതാവാം..

  ReplyDelete
 4. തിരുത്തിയിട്ടുണ്ട് ...താങ്ക്സ് ..തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് വിജയകുമാര്‍ ബ്ലാത്തൂര്‍

  ReplyDelete