Monday, March 18, 2013

കന്നിക്കൊരുമകൻ(മാനിച്ചേരി ദൈവം) ... വൈദ്യനാഥൻ

മക്കളില്ലാതിരുന്ന രാജ വംശമായ പുതുർവാടി  കോട്ടയിൽ കന്നിയായ (കന്യകയായ സ്ത്രീ) വാക്കത്തൂർ അക്കം തമ്മശ്ശേരി അമ്മയ്ക്ക് ഒരുപാട് പ്രാർത്ഥനയുടെയും വ്രതത്തിന്റെയും ഫലമായി ശ്രീ മഹാ ദേവൻ കനിഞ്ഞു നല്കിയ പുത്രൻ.. അനന്തരാവകാശികളില്ലാതിരുന്ന പുതുർവാടി കോട്ടയിൽ ഈ അമ്മയിൽ ഉണ്ടായ കുട്ടിക്കു മാത്രമേ രാജ്യം ഭരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ ..ആഭരണങ്ങൾക്ക്  വേണ്ടി കൊള്ളക്കാർ തട്ടികൊണ്ട് പോയ അക്കം ശ്രീ മഹാദേവന്റെ കൃപയാൽ രക്ഷപെട്ടു കുടക് മലയിൽ എത്തി ചേരുകയും ആരോരുമില്ലാതെ ഒറ്റയ്ക്ക് വസിക്കുകയും ചെയ്തു.

പക്ഷെ ഇങ്ങനെ ഒരു സ്ത്രീ ജീവിച്ചിരിക്കുന്ന കാര്യം പുതൂർവാടി കോട്ട മതിലകത്തെ രാജാവായ ആങ്ങളയ്ക്ക് അറിയില്ലായിരുന്നു . തനിക്കൊരു ആണ്‍തുണയായി ഒരു പുത്രൻ വേണമെന്ന് ആഗ്രഹം കൊണ്ട് അക്കം  ശ്രീ മഹാദേവനെ തപസ്സു ചെയ്തു.. അക്കത്തിന്റെ  40 ദിവസത്തെ കഠിന വൃതത്തിന്റെ ഫലമായി  നാല്പത്തിയൊന്നാം ദിവസം  മഹാദേവൻ  പ്രത്യക്ഷനായി കന്നിയായ സ്ത്രീക്ക്  .."ഈ കുളിയാൽ നിൻ കുളി നില്ക്കട്ടെ .. ഈ കരുവോ ഒരു കരുവാകട്ടെ" എന്ന അനുഗ്രഹം നല്കുന്നു .. യോനിയിലൂടെ പിറന്നാൽ ദേവപുത്രന്  യോനി ദോഷം വരുമെന്ന് പറഞ്ഞു ഗർഭത്തെ ആവാഹിച്ച് കരിങ്കല്ലിൽ സ്ഥാപിച്ചു ..ശിലപൊട്ടി പിളർന്ന് പൊൻമകൻ ഉണ്ടായി.. ജനന സമയത്ത്  മാരി പെയ്തു.. ഒറ്റപന്നി ഒച്ചയിട്ടു.. പുതൂർവാടി കോട്ടയിൽ ചിത്ര തൂണിൻമേൽ കെട്ടി തൂക്കിയ  ഉടവാളും പരിചയും തമ്മിൽ യുദ്ധം ചെയ്തു.. ക്ഷത്രിയനായ വീര പുത്രന്റെ ജനനം പ്രകൃതിക്ക് പോലും ആഹ്ലാദം നല്കി..കുട്ടിക്ക് ചോറ് കൊടുക്കാൻ സമയമായി .. ജോത്സ്യർ വന്നു കളം വരച്ചു.. രാശിക്രമ പ്രകാരം ഈ നാട് വിട്ട് മലനാട്ടിൽ ഒരു വാഴ്ച വാഴും പട്ടം കെട്ടി ക്ഷത്രിയ രാജാവാകും എന്നു പറഞ്ഞു

.. പാല് കൊടുത്തു പേരു വിളിച്ചു കുട്ടിക്ക്  വാക്കത്തൂർ കേളു.. ആസമാന്യ ബുദ്ധി ശക്തിയും ധൈര്യവും ഉണ്ടായിരുന്ന കേളു  ചെറുപ്പത്തിലെ തന്നെ എല്ലാ വിദ്യകളിലും ഗുരുക്കന്മാരെ തന്നെ തോല്പ്പിച്ചു .. വൈദ്യത്തിൽ പ്രശസ്തനായി.. "കണ്ണിലും കർണതിലുമുള്ള ഖോരമായ വ്യാധിയൊഴിപ്പവൻ എന്ന് പേര് കേട്ടു". അമ്മയോട് ചോദിച്ചു എന്റെ അച്ഛനാര് .. അമ്മ പുത്രന് ആങ്ങളക്ക്  താൻ നഷ്ടപെട്ടതടക്കമുള്ള കഥകൾ പറഞ്ഞു കൊടുത്തു.. കേളു  വീരപുതുചരം കളരിയിൽ ചേർന്നു വിദ്യകളെല്ലാം അതിവേഗം പഠിച്ചു..പന്ത്രണ്ടാം വയസ്സിൽ ആചാരം വാങ്ങി ചേകവനായി.. അമ്മയോട് അനുഗ്രഹം വാങ്ങി നേരമ്മാവനെ കാണാൻ പുതൂർവാടി കോട്ട ലക്ഷ്യമാക്കി പുറപ്പെട്ടു.. പോകുമ്പോൾ തന്റെ പൊന്നാങ്ങള സമ്മാനിച്ച ആയിരത്തെട്ടു രത്നങൾ പതിച്ച പന്നിമുക്കം പവിഴ മാല അമ്മ പുത്രന്റെ കഴുത്തിൽ അണിയിച്ചു കൊടുത്തു..

 വഴിയിൽ  ഉണ്ടായാ എല്ലാ പ്രതിസന്ധികളും കടന്ന് പുതുർവാടി  കോട്ടയിൽ എത്തി.. ആൾ ആരെന്നു മനസ്സിലാക്കാതെ അമ്മാവനുമായും യുദ്ധം ചെയ്യേണ്ടി വന്നു.. തോൽവി  സമ്മതിച്ച നേരമ്മാവനോട്  താൻ അക്കത്തിന്റെ പുത്രനാണ് എന്ന് പറഞ്ഞു.. മാല കണ്ട്  അമ്മാവനു  തിരിച്ചറിവുണ്ടായി.. മരുമകനെ പുതൂർവാടി കോട്ട രാജാവായി  വാഴിച്ചു....
 പിന്നീട് സുഹൃത്തായ ശാസ്തവോടും കൂടി ശിഷ്ടജന പരിപാലനത്തിന് പുറപ്പെട്ട ശിവപുത്രനായ ദേവനെ  ത്രിമൂർത്തികൾ ചേർന്ന് അനുഗ്രഹിചെന്നും  തങ്ങളുടെ ശക്തി കൂടി നല്കിയെന്നും കഥ ..ഒരുപാടുവർഷങ്ങൾക്കു   ശേഷം വയനാട്ടിൽ പോയി തിരിച്ചുവരുന്ന സുഹൃത്തുക്കളായ ഇടവലത്ത്,പാക്കം ,മൂവക്കാട്ട്, മാനിച്ചേരി എന്നീ തറവാട്ടിലെ കാരണവന്മാർക്ക് ദേവന്റെ ശക്തി ചൈതന്യം കുടികൊള്ളുന്ന രത്നം കളഞ്ഞു കിട്ടി ..  മാനിച്ചേരി കൊട്ടിലകത്തെ  കുറി തട്ടിൽ വച്ച രത്നം തുള്ളി കളിച്ചുവെന്നും അടുത്തുള്ള പാലമരത്തിനരികെ പോയി ഇരുന്നെന്നും പേടിച്ചു വിറച്ച മാനിച്ചേരി  കാരണവർ ജോത്സ്യനെ വിളിച്ച് അന്വേഷിച്ചപ്പോൾ ദേവന്റെ ചൈതന്യമാണ് അതിനു കാരണമെന്ന് അറിയുകയും ചെയ്തു.. നരിക്കോട് ഈറ്റിശ്ശേരി   ഇല്ലം വകയായിരുന്ന  രത്നം ഇരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാൻ തീരുമാനിക്കുകയും ചെയ്തു.. അവിടെ പൂജയും വെള്ളാട്ടവും തണ്ണിനമൃതും കൊടുത്തു പൂജിച്ചുവെന്നും ഐതിഹ്യം ..

 ഈ ക്ഷേത്രത്തിനു ആശാരി കുറ്റിയിട്ടിട്ടില്ല  എന്നും രത്നം നാല് മൂലയിൽ പോയി നിന്നതിൻ പ്രകാരമാണ് ക്ഷേത്രം നിർമിച്ചതെന്നും  കേള്ക്കുന്നു.. വൈദ്യനാഥ സങ്കല്പത്തിലാണ് ദേവൻ  ഇവിടെ കുടിയിരിക്കുന്നത് .. "ആദി വയത്തൂരും  അക്ലിയതും  ക്ലാവൂരും  കൊണ്ട് ചെന്നാ തീരാത്ത മഹാവ്യാധി  മാനിച്ചെരി  തട്ടിനകത്തൂടെ  ഞാൻ ഒഴിവാക്കും പൈതങ്ങളെ" എന്ന് തെയ്യത്തിന്റെ വാമൊഴി.. മാനിച്ചെരി കുടിയിരുന്ന ശേഷം പിന്നീട് ഇടവലത്തും  പാക്കത്തും മൂവക്കാട്ടും ദേവനെ പ്രതിഷ്ഠിച്ചു  എന്നും കേള്ക്കുന്നു.. അധിക സ്ഥലങ്ങളിൽ  ഈ തെയ്യമില്ല.. എന്റെ പരിമിതമായ അറിവിൽ  അഞ്ചോ ആറോ സ്ഥലങ്ങളില മാത്രമേ ഈ തെയ്യമുള്ളൂ...എന്റെ നാട്ടിൽ ഈ തെയ്യത്തെ പൊതുവായി മാനിച്ചെരി ദൈവം എന്നാണ് പറയാറ്..
വളരെ ചെറുപ്പത്തിലെ തന്നെ തുടർച്ചയായി കാണുന്നതും കൊണ്ടും എന്റെ നാട്ടിൽ പ്രധാന ആരൂഡ സ്ഥാനമുള്ള ദേവനായതുകൊണ്ടും ചെറുപ്പത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട് ഈ തെയ്യത്തിന്റെ ഓരോ ചലനവും തോറ്റം പാട്ടും ..  വെള്ളാട്ടത്തിന്റെ പുറപ്പാട് സമയത്ത് ചൊല്ലുന്ന അതിമനോഹരമായ ഈ തെയ്യത്തിന്റെ തോറ്റം  പാട്ട് മനസ്സിലുണ്ട്.. രണ്ടു വരി താഴെ ചേർക്കാം .. കണ്ണൂര് ജില്ലക്കാർക്ക് തന്നെ അധികം പരിചയമില്ലാത്ത തെയ്യക്കോലം ആയതുകൊണ്ട് ഈ തെയ്യത്തിന്റെ ഒരു വീഡിയോയും താഴെ ചേർക്കുന്നു..

"ചന്ദ്രബിംബയാനന്റെ കണ്ണിലുള്ള വ്യാധിയും വാര്ധ്യ വീക്കമെക്കം
വീർപ്പുമുട്ടൽ കടച്ചിൽ ഖോരമായുള്ള  വ്യാധിയെല്ലാം ഒഴിപ്പാൻ
കാമ കാലത്മജാ കന്നിക്കൊരുമകാ കൈ തൊഴുന്നേൻ"

"കീര്ത്തിയെഴും കന്നികുന്നിൽ  നിന്നും ദൈവമോരുനാൾ
സംഹാര മൂര്തിയായ ശാസ്തവോടുടനെ ശക്തിയെറും  വൈഷ്ണവത്തെ
ഗ്രഹിചൂ നീ വിരലിൽ
കാമ കാലത്മജാ കന്നിക്കൊരു മകാ കൈതൊഴുന്നേൻ"5 comments:

 1. തെയ്യക്കഥകള്‍ കുറെയുണ്ടല്ലോ.
  ബാക്കി വായിയ്ക്കാന്‍ പിന്നെ വരാം

  ReplyDelete
 2. നിറപ്പകിട്ടുള്ള , അറിയപ്പെടാത്ത ചില ഐതിഹ്യങ്ങൾ... നല്ല ബ്ലോഗ്. അഭിനന്ദനങ്ങൾ....

  ReplyDelete
 3. താങ്ക്സ് ചേച്ചി ...............

  ReplyDelete
 4. താങ്ക്സ് വിനീഷ്....

  ReplyDelete