Wednesday, March 27, 2013

വടക്കത്തി (പടക്കത്തി) ഭഗവതി .... രണദേവത


ദുഷ്പ്രഭുക്കളെ കൊന്നൊടുക്കാൻ പുറപ്പെട്ട പരശുരാമനെ സഹായിക്കാൻ രാമന്റെ ഗുരു കൂടിയായ ശ്രീ മഹാദേവൻ ഒരു രണദേവതയെ സൃഷ്ടിച്ചു കൂടെ അയച്ചതാണ് എന്നാണു ഐതിഹ്യം..    അസുരനെ വധിക്കാൻ പരശു രാമനൊപ്പം പടക്കെത്തിയ ഭഗവതിയായത് കൊണ്ട് പടക്കത്തി ഭഗവതി എന്നു പേരു വന്നു... എന്നാൽ ദേവിയുടെ ശരിയായ നാമം വടക്കത്തി ഭഗവതി ആണെന്നും ഭൂമിയിലെത്തിയ ദേവി എങ്ങോട്ട് പോണമെന്നറിയാതെ വിഷമിച്ചു എന്നും അവസാനം വടക്ക് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു എന്നും അതിനാലാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നു .. 

ദേവിയുടെ ജനനവുമായി ബന്ധപ്പെട്ടു ശിവൻ  സൃഷ്ടിച്ചു എന്ന് കൂടാതെ മറ്റൊരു കഥ കൂടി കേൾക്കുന്നുണ്ട് .. ശ്രീ പാൽകടലിൽ   വെള്ളിമാൻ കല്ലിനരികത്ത് ഏഴു മടലുകളും എട്ടു തിരുളുകളുമുള്ള  ഒരു കരിമ്പന ഉണ്ടെന്നും അതിന്റെ എട്ടാം തിരുളിന്റെ മുകളില ഏഴുപൊന്മുട്ടകൾ ഉണ്ടെന്നും അതില് ആറു മുട്ടയുടഞ്ഞു ആറു മലകളിലായി പോയി ചെന്ന് വീണു എന്നും അതിൽ നിന്നും ആറു പേരുണ്ടാകുകയും ഏഴാം മുട്ടയുടഞ്ഞു ഒരു ദേവകന്യക ഉണ്ടായി എന്നും പറയപ്പെടുന്നു.. പന്ത്രണ്ടാം വയസ്സിൽ ദേവകന്യക മെയ്തിരണ്ടു.. തിരണ്ടു കല്യാണം ആഘോഷമാക്കാൻ ആറ്  ആങ്ങളമാരും വന്നു  ചേർന്നു.. തിരുണ്ട കല്യാണത്തിന് ഇറച്ചി വേണം.. ആങ്ങളമാർ നായാട്ടിനു പുറപ്പെട്ടു.. മച്ചുനിയന്മാർ വഴി തടഞ്ഞു.. നായാട്ടു കഴിഞ്ഞു വന്ന ആങ്ങളമാരോട് മാൻതലയും കാലും ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു അവർ ശഠിച്ചു.. വാക്കേറ്റം യുദ്ധത്തിൽ കലാശിച്ചു .. ദേവിയുടെ ആറു ആങ്ങളമാരെയും മറുകരയിലെ മചുനിയന്മാർ കൊന്നു കളഞ്ഞു .. ഇതറിഞ്ഞ ദേവി തന്റെ ആഭരണങ്ങൾ പൊട്ടിച്ചെറിഞ്ഞു തപസ്സിനായി പുറപ്പെട്ടു .. തപസ്സിലൂടെ ശക്തി സമ്പാദിചു .. മച്ചുനിയന്മാരെ വധിച്ചു കളഞ്ഞു ..പിന്നീട്  പല നാടുകളിൽ പോയി പലരോടും യുദ്ധം ചെയ്ത് 18 ആയുധങ്ങൾ സമ്പാദിച്ചു .. ഇന്ദ്രന്റെ ആനയായ ഐരാവതത്തെ തോല്പ്പിച്ച്‌ തുമ്പികൈ കൈകൊണ്ടു.. തുളുനാട്ടിൽ ചെന്ന് തുളു ചേകവരെ  തോൽപ്പിച്ച് തുളു താടിയും മീശയും കൈക്കൊണ്ടു.. നെല്ല് കുത്തുന്ന പങ്ങാട്ടിയോട് പൊരുതി ഉലക്കയും മുറവും കൈക്കൊണ്ടു.. തീയനെ തോൽപ്പിച്ച് തളപ്പും ഏറ്റുകത്തിയും നേടി .. അർദ്ധപുരുഷ സങ്കൽപ്പത്തിലുള്ള  ഈ ദേവിക്ക് എല്ലാ നാടുകളും ചുറ്റികണ്ട ശേഷം  അവസാനം കോലത്തുനാട് കാണണം എന്ന മോഹമുണ്ടായി .. വിശ്വകർമാവിനെ വരുത്തി ഒരു മരക്കലം  പണിത് അതിലെറി കോലത്തു നാട് മുഴുവൻ കണ്ടു എന്നും അവസാനം ഇടത്തൂർ എത്തിയ ദേവി വിശ്വകർമാവിന്റെ അപേക്ഷ പ്രകാരം ഇടത്തൂർ കുടിയിരുന്നു എന്നും ഐതിഹ്യം..
Monday, March 18, 2013

കന്നിക്കൊരുമകൻ(മാനിച്ചേരി ദൈവം) ... വൈദ്യനാഥൻ

മക്കളില്ലാതിരുന്ന രാജ വംശമായ പുതുർവാടി  കോട്ടയിൽ കന്നിയായ (കന്യകയായ സ്ത്രീ) വാക്കത്തൂർ അക്കം തമ്മശ്ശേരി അമ്മയ്ക്ക് ഒരുപാട് പ്രാർത്ഥനയുടെയും വ്രതത്തിന്റെയും ഫലമായി ശ്രീ മഹാ ദേവൻ കനിഞ്ഞു നല്കിയ പുത്രൻ.. അനന്തരാവകാശികളില്ലാതിരുന്ന പുതുർവാടി കോട്ടയിൽ ഈ അമ്മയിൽ ഉണ്ടായ കുട്ടിക്കു മാത്രമേ രാജ്യം ഭരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ ..ആഭരണങ്ങൾക്ക്  വേണ്ടി കൊള്ളക്കാർ തട്ടികൊണ്ട് പോയ അക്കം ശ്രീ മഹാദേവന്റെ കൃപയാൽ രക്ഷപെട്ടു കുടക് മലയിൽ എത്തി ചേരുകയും ആരോരുമില്ലാതെ ഒറ്റയ്ക്ക് വസിക്കുകയും ചെയ്തു.

പക്ഷെ ഇങ്ങനെ ഒരു സ്ത്രീ ജീവിച്ചിരിക്കുന്ന കാര്യം പുതൂർവാടി കോട്ട മതിലകത്തെ രാജാവായ ആങ്ങളയ്ക്ക് അറിയില്ലായിരുന്നു . തനിക്കൊരു ആണ്‍തുണയായി ഒരു പുത്രൻ വേണമെന്ന് ആഗ്രഹം കൊണ്ട് അക്കം  ശ്രീ മഹാദേവനെ തപസ്സു ചെയ്തു.. അക്കത്തിന്റെ  40 ദിവസത്തെ കഠിന വൃതത്തിന്റെ ഫലമായി  നാല്പത്തിയൊന്നാം ദിവസം  മഹാദേവൻ  പ്രത്യക്ഷനായി കന്നിയായ സ്ത്രീക്ക്  .."ഈ കുളിയാൽ നിൻ കുളി നില്ക്കട്ടെ .. ഈ കരുവോ ഒരു കരുവാകട്ടെ" എന്ന അനുഗ്രഹം നല്കുന്നു .. യോനിയിലൂടെ പിറന്നാൽ ദേവപുത്രന്  യോനി ദോഷം വരുമെന്ന് പറഞ്ഞു ഗർഭത്തെ ആവാഹിച്ച് കരിങ്കല്ലിൽ സ്ഥാപിച്ചു ..ശിലപൊട്ടി പിളർന്ന് പൊൻമകൻ ഉണ്ടായി.. ജനന സമയത്ത്  മാരി പെയ്തു.. ഒറ്റപന്നി ഒച്ചയിട്ടു.. പുതൂർവാടി കോട്ടയിൽ ചിത്ര തൂണിൻമേൽ കെട്ടി തൂക്കിയ  ഉടവാളും പരിചയും തമ്മിൽ യുദ്ധം ചെയ്തു.. ക്ഷത്രിയനായ വീര പുത്രന്റെ ജനനം പ്രകൃതിക്ക് പോലും ആഹ്ലാദം നല്കി..കുട്ടിക്ക് ചോറ് കൊടുക്കാൻ സമയമായി .. ജോത്സ്യർ വന്നു കളം വരച്ചു.. രാശിക്രമ പ്രകാരം ഈ നാട് വിട്ട് മലനാട്ടിൽ ഒരു വാഴ്ച വാഴും പട്ടം കെട്ടി ക്ഷത്രിയ രാജാവാകും എന്നു പറഞ്ഞു

.. പാല് കൊടുത്തു പേരു വിളിച്ചു കുട്ടിക്ക്  വാക്കത്തൂർ കേളു.. ആസമാന്യ ബുദ്ധി ശക്തിയും ധൈര്യവും ഉണ്ടായിരുന്ന കേളു  ചെറുപ്പത്തിലെ തന്നെ എല്ലാ വിദ്യകളിലും ഗുരുക്കന്മാരെ തന്നെ തോല്പ്പിച്ചു .. വൈദ്യത്തിൽ പ്രശസ്തനായി.. "കണ്ണിലും കർണതിലുമുള്ള ഖോരമായ വ്യാധിയൊഴിപ്പവൻ എന്ന് പേര് കേട്ടു". അമ്മയോട് ചോദിച്ചു എന്റെ അച്ഛനാര് .. അമ്മ പുത്രന് ആങ്ങളക്ക്  താൻ നഷ്ടപെട്ടതടക്കമുള്ള കഥകൾ പറഞ്ഞു കൊടുത്തു.. കേളു  വീരപുതുചരം കളരിയിൽ ചേർന്നു വിദ്യകളെല്ലാം അതിവേഗം പഠിച്ചു..പന്ത്രണ്ടാം വയസ്സിൽ ആചാരം വാങ്ങി ചേകവനായി.. അമ്മയോട് അനുഗ്രഹം വാങ്ങി നേരമ്മാവനെ കാണാൻ പുതൂർവാടി കോട്ട ലക്ഷ്യമാക്കി പുറപ്പെട്ടു.. പോകുമ്പോൾ തന്റെ പൊന്നാങ്ങള സമ്മാനിച്ച ആയിരത്തെട്ടു രത്നങൾ പതിച്ച പന്നിമുക്കം പവിഴ മാല അമ്മ പുത്രന്റെ കഴുത്തിൽ അണിയിച്ചു കൊടുത്തു..

 വഴിയിൽ  ഉണ്ടായാ എല്ലാ പ്രതിസന്ധികളും കടന്ന് പുതുർവാടി  കോട്ടയിൽ എത്തി.. ആൾ ആരെന്നു മനസ്സിലാക്കാതെ അമ്മാവനുമായും യുദ്ധം ചെയ്യേണ്ടി വന്നു.. തോൽവി  സമ്മതിച്ച നേരമ്മാവനോട്  താൻ അക്കത്തിന്റെ പുത്രനാണ് എന്ന് പറഞ്ഞു.. മാല കണ്ട്  അമ്മാവനു  തിരിച്ചറിവുണ്ടായി.. മരുമകനെ പുതൂർവാടി കോട്ട രാജാവായി  വാഴിച്ചു....
 പിന്നീട് സുഹൃത്തായ ശാസ്തവോടും കൂടി ശിഷ്ടജന പരിപാലനത്തിന് പുറപ്പെട്ട ശിവപുത്രനായ ദേവനെ  ത്രിമൂർത്തികൾ ചേർന്ന് അനുഗ്രഹിചെന്നും  തങ്ങളുടെ ശക്തി കൂടി നല്കിയെന്നും കഥ ..ഒരുപാടുവർഷങ്ങൾക്കു   ശേഷം വയനാട്ടിൽ പോയി തിരിച്ചുവരുന്ന സുഹൃത്തുക്കളായ ഇടവലത്ത്,പാക്കം ,മൂവക്കാട്ട്, മാനിച്ചേരി എന്നീ തറവാട്ടിലെ കാരണവന്മാർക്ക് ദേവന്റെ ശക്തി ചൈതന്യം കുടികൊള്ളുന്ന രത്നം കളഞ്ഞു കിട്ടി ..  മാനിച്ചേരി കൊട്ടിലകത്തെ  കുറി തട്ടിൽ വച്ച രത്നം തുള്ളി കളിച്ചുവെന്നും അടുത്തുള്ള പാലമരത്തിനരികെ പോയി ഇരുന്നെന്നും പേടിച്ചു വിറച്ച മാനിച്ചേരി  കാരണവർ ജോത്സ്യനെ വിളിച്ച് അന്വേഷിച്ചപ്പോൾ ദേവന്റെ ചൈതന്യമാണ് അതിനു കാരണമെന്ന് അറിയുകയും ചെയ്തു.. നരിക്കോട് ഈറ്റിശ്ശേരി   ഇല്ലം വകയായിരുന്ന  രത്നം ഇരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാൻ തീരുമാനിക്കുകയും ചെയ്തു.. അവിടെ പൂജയും വെള്ളാട്ടവും തണ്ണിനമൃതും കൊടുത്തു പൂജിച്ചുവെന്നും ഐതിഹ്യം ..

 ഈ ക്ഷേത്രത്തിനു ആശാരി കുറ്റിയിട്ടിട്ടില്ല  എന്നും രത്നം നാല് മൂലയിൽ പോയി നിന്നതിൻ പ്രകാരമാണ് ക്ഷേത്രം നിർമിച്ചതെന്നും  കേള്ക്കുന്നു.. വൈദ്യനാഥ സങ്കല്പത്തിലാണ് ദേവൻ  ഇവിടെ കുടിയിരിക്കുന്നത് .. "ആദി വയത്തൂരും  അക്ലിയതും  ക്ലാവൂരും  കൊണ്ട് ചെന്നാ തീരാത്ത മഹാവ്യാധി  മാനിച്ചെരി  തട്ടിനകത്തൂടെ  ഞാൻ ഒഴിവാക്കും പൈതങ്ങളെ" എന്ന് തെയ്യത്തിന്റെ വാമൊഴി.. മാനിച്ചെരി കുടിയിരുന്ന ശേഷം പിന്നീട് ഇടവലത്തും  പാക്കത്തും മൂവക്കാട്ടും ദേവനെ പ്രതിഷ്ഠിച്ചു  എന്നും കേള്ക്കുന്നു.. അധിക സ്ഥലങ്ങളിൽ  ഈ തെയ്യമില്ല.. എന്റെ പരിമിതമായ അറിവിൽ  അഞ്ചോ ആറോ സ്ഥലങ്ങളില മാത്രമേ ഈ തെയ്യമുള്ളൂ...എന്റെ നാട്ടിൽ ഈ തെയ്യത്തെ പൊതുവായി മാനിച്ചെരി ദൈവം എന്നാണ് പറയാറ്..
വളരെ ചെറുപ്പത്തിലെ തന്നെ തുടർച്ചയായി കാണുന്നതും കൊണ്ടും എന്റെ നാട്ടിൽ പ്രധാന ആരൂഡ സ്ഥാനമുള്ള ദേവനായതുകൊണ്ടും ചെറുപ്പത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട് ഈ തെയ്യത്തിന്റെ ഓരോ ചലനവും തോറ്റം പാട്ടും ..  വെള്ളാട്ടത്തിന്റെ പുറപ്പാട് സമയത്ത് ചൊല്ലുന്ന അതിമനോഹരമായ ഈ തെയ്യത്തിന്റെ തോറ്റം  പാട്ട് മനസ്സിലുണ്ട്.. രണ്ടു വരി താഴെ ചേർക്കാം .. കണ്ണൂര് ജില്ലക്കാർക്ക് തന്നെ അധികം പരിചയമില്ലാത്ത തെയ്യക്കോലം ആയതുകൊണ്ട് ഈ തെയ്യത്തിന്റെ ഒരു വീഡിയോയും താഴെ ചേർക്കുന്നു..

"ചന്ദ്രബിംബയാനന്റെ കണ്ണിലുള്ള വ്യാധിയും വാര്ധ്യ വീക്കമെക്കം
വീർപ്പുമുട്ടൽ കടച്ചിൽ ഖോരമായുള്ള  വ്യാധിയെല്ലാം ഒഴിപ്പാൻ
കാമ കാലത്മജാ കന്നിക്കൊരുമകാ കൈ തൊഴുന്നേൻ"

"കീര്ത്തിയെഴും കന്നികുന്നിൽ  നിന്നും ദൈവമോരുനാൾ
സംഹാര മൂര്തിയായ ശാസ്തവോടുടനെ ശക്തിയെറും  വൈഷ്ണവത്തെ
ഗ്രഹിചൂ നീ വിരലിൽ
കാമ കാലത്മജാ കന്നിക്കൊരു മകാ കൈതൊഴുന്നേൻ"Thursday, March 14, 2013

കണ്ണങ്ങാട്ട് ഭഗവതി ...യാദവരുടെ കുലദേവത

മലബാറിന്റെ വടക്ക് ഭാഗത്ത്‌ കൂടുതൽ കണ്ടുവരുന്ന  യാദവ സമുദായക്കാരുടെ (മണിയാണി) കുലദേവത .. ശ്രീ കൃഷ്ണന്‍റെ  സഹോദരിയായ യോഗമായ ദേവിയാണ് ശ്രീ കണ്ണങ്ങാട്ട്‌ ഭഗവതി..ശ്രീ കൃഷ്ണന്‍ തന്‍റെ   സ്വര്‍ഗാരോഹണ  സമയത്ത് തന്‍റെ പിന്മുറക്കാർക്ക്  ആരാധിക്കാന്‍ യോഗമായാ ദേവിയെ കാട്ടികൊടുത്തു അങ്ങനെ കണ്ണന്‍ കാട്ടിയ ഭഗവതിയാണ് കണ്ണങ്ങാട്ട്‌ ഭഗവതി.. അല്ല ദേവകിയുടെ എട്ടാമത്തെ കുട്ടിയാണ് എന്ന് തെറ്റിദ്ധരിച്ച്‌ തന്നെ കൊല്ലാന്‍ ഒരുങ്ങിയ കംസനോട് ഞാനല്ല നിന്‍റെ  അന്തകന്‍ അവന്‍ ജനിച്ചു കഴിഞ്ഞു എന്ന് കണ്ണനെ കാട്ടികൊടുത്തത് കൊണ്ടാണ് ആ പേര് വന്നതെന്നും കേള്‍ക്കുന്നുണ്ട്.. എന്നാല്‍ തെയ്യത്തിന്‍റെ  തോറ്റം പാട്ടില്‍ ഈ കഥ പ്രതിപാദിച്ചിട്ടില്ല.. സാദാരണ ദേവി സ്തുതികള്‍ മാത്രമേ തോറ്റം പാട്ടിലുള്ളു.. മുച്ചിലോട്ടു ഭഗവതിയുടെ ഉറ്റതോഴിയാണ് ഈ ദേവി..എല്ലാ മുച്ചിലോട്ടു കാവുകളിലും മുച്ചിലോട്ടു ഭഗവതി കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യത്തോടെ കെട്ടിയാടുന്ന തെയ്യകോലവും കണ്ണങ്ങാട്ട്‌ ഭഗവതിയുടെതാണ്.. കാണാനും മുച്ചിലോട്ടു ഭഗവതിയുമായി സാമ്യമുണ്ട്‌ ഈ ദേവി.. മുച്ചിലോട്ടു ഭഗവതിയുടെ കാവുകള്‍ മുച്ചിലോട് എന്നറിയപെടുന്നത് പോലെ കണ്ണങ്ങാട്ട്‌ ഭഗവതിയുടെ കണ്ണങ്ങാട്  എന്നാണു അറിയപെടാറ്.. വളരെ പതുക്കെയുള്ള  ഈ ദേവിയുടെ നൃത്തചുവടുകള്‍ നയനമനോഹരമാണ്.. പ്രധാന കണ്ണങ്ങാട് പയ്യന്നൂരിനടുത്തുള്ള എടനാട് (എടാട്ട് ) കണ്ണങ്ങാടാണ് ...
Saturday, March 9, 2013

പാടാര്‍ കുളങ്ങര വീരന്‍ .... തുടക്കകാരുടെ തെയ്യംപുതിയ ഭഗവതിയുടെ അനുചരവൃന്ദങ്ങളില്‍ ഒരാളായ ദേവന്‍ ..പാടാര്‍ കുളങ്ങര പുഴയ്ക്കരികില്‍ കൂടി നടന്നു പോകുമ്പോള്‍ പുതിയ ഭഗവതിയും പരിവാരങ്ങളും നീരാടുന്നത് കണ്ട ബ്രാഹ്മണ യുവാവ് ദേവിമാരുടെ നീരാട്ട് കണ്ട് രസിച്ചു നിന്നു .. ബ്രാഹ്മണ യുവാവ് തങ്ങളെ നോക്കുന്നത് മനസ്സിലാക്കിയ ദേവിമാര്‍ തങ്ങളുടെ കൂടെ കുളിക്കുന്നോ എന്നു  ചോദിച്ച്  അരികിലേക്ക് വിളിച്ചു ..തന്നെ വിളിക്കുന്നത്‌ പുതിയ ഭഗവതിയാണ് എന്നറിയാതെ അവിടെ ചെന്ന യുവാവിനോട് ഒന്ന് മുങ്ങി നിവരുവാന്‍ ദേവി ആവശ്യപെട്ടു ... ദേവിയുടെ നിര്‍ദ്ദേശ പ്രകാരം പുഴയില്‍ മുങ്ങിയ ബ്രാഹ്മണനെ നിവര്‍ന്നപ്പോള്‍  ദേവി തലയറുത്തു .. ദേവിയുടെ കൈകൊണ്ടു മരിച്ച ബ്രാഹ്മണന്‍ ദൈവകരുവായി മാറി.. പിന്നീട് പുതിയ ഭഗവതി ,വീരകാളി എന്നിവരോടൊത്ത് പെരിങ്ങളായി കമ്മളുടെ പടിഞ്ഞാറ്റയില്‍ സ്ഥാനം ലഭിക്കുകയും പിന്നീടിങ്ങോട്ട്‌ എല്ലാ പുതിയഭഗവതി ക്ഷേത്രങ്ങളിലും സ്ഥാനം കിട്ടുകയും ചെയ്തു..

വണ്ണാന്‍  സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടറുള്ളത്..പല വീരന്മാരെയും തെയ്യമായി കെട്ടിയാടാറുണ്ട് എങ്കിലും ഈ തെയ്യം കെട്ടുന്നത് മിക്കവാറും തെയ്യം കെട്ടിതുടങ്ങുന്ന തുടക്കകാര്‍ ആയിരിക്കും ... പിന്നീട് പേരെടുത്ത മിക്കവാറും പെരുവണ്ണാന്മാരും ആദ്യം കെട്ടിയ തെയ്യം മിക്കവാറും പാടാര്‍കുളങ്ങര വീരന്‍ ആയിരിക്കും.. ആദ്യം ബ്രാഹ്മണനെ പോലെ ഓല കുടയും നെയ്യമൃത് കുടവും കയ്യിലേന്തി  അരങ്ങിലെത്തുന്ന തെയ്യം പിന്നീട് തന്‍റെ  പൂണൂല്‍ പറിച്ചെറിഞ്ഞ് കോഴി അറവു നടത്തി ബ്രാഹ്മണനല്ലാതായി തീരുന്നു.. അത്ര പ്രാധാന്യം ഉള്ളതെയ്യം അല്ലെങ്കിലും ഈ തെയ്യത്തിന്റെ തോറ്റം ഉയര്‍ന്നു ചാടുകയും മലക്കം മറിയുകയും ചെയ്ത് കാണികളെ പിടിച്ചിരുത്തും .. മിക്കവാറും പുതിയ ഭഗവതി ക്ഷേത്രങ്ങളില്‍ ആദ്യം കെട്ടിയാടുന്ന തെയ്യകോലം വീരന്‍ ആയിരിക്കും
 ഫോട്ടോ കടപ്പാട്: ഗൂഗിള്‍ 

Thursday, March 7, 2013

ശ്രീ വേട്ടക്കൊരുമകന്‍ (ശ്രീ ശാസ്താവീശ്വരൻ).അഭിമാന്യ പ്രഭു

വനവാസകാലത്ത് വ്യാസന്റെയും ശ്രീകൃഷ്ണന്റെയും നിര്‍ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനു വേണ്ടി അര്‍ജ്ജുനന്‍  ശിവനെ തപസ്സു ചെയ്തു.. അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ ശിവപാര്‍വ്വതിമാര്‍ വേടരൂപം പൂണ്ടു .. ദേവിയുടെ വേടരൂപം കണ്ട് കാമ മോഹിതനായി തീര്‍ന്ന ദേവന് പാര്‍വ്വതിയില്‍ ഉണ്ടായ പുത്രനത്രെ ശ്രീ വേട്ടക്കൊരുമകന്‍ ദൈവത്താര്‍

 .. ശ്രീ ശാസ്താവിന്‍റെ അവതാരമായ വേട്ടക്കൊരുമകനില്‍ മഹാദേവന്റെ അത്രയും തന്നെ പ്രഭ കണ്ട ദേവകള്‍ ഭയചകിതരായി.. കാക്കയെ പോലെ കണ്ണുള്ളവനും  പതുക്കെ നടക്കുന്നവനുമായ വേട്ടക്കൊരുമകനെ മാനുഷ ലോകത്തിലേക്ക്‌ അയക്കാന്‍ മഹാദേവനോട്  ദേവകള്‍ ആവശ്യപെട്ടു .. ദേവകളുടെ പരാതി കേട്ട പരമശിവന്‍ പുത്രനെ മാനുഷ ലോകത്തിലെക്കയച്ചു ..ഭൂമിയില്‍ എത്തിയ  ദേവന്‍  തിരുവനന്തപുരം ,തൃശ്ശിവ പേരൂര്,തൃകുറ്റിശ്ശേരി, വയത്തൂര്, കോഴിക്കോട് എന്നിങ്ങനെ പലയിടങ്ങളില്‍ അലഞ്ഞു..ഒടുവില്‍  പുള്ളിയൂര്‍ കാവില്‍ ഉത്സവത്തിനു വന്ന കാറ കൂറ ഇല്ലത്തെ പെണ്‍കുട്ടിയെ കണ്ടുമോഹിക്കുകയും അവളെ വേള്‍ക്കുകയും ചെയ്തു ..

കാറകൂറ ഇല്ലം വകയായിരുന്ന ബാലുശ്ശേരി കോട്ട കുറുംബ്രാതിരി വാണോരു കയ്യടക്കി വച്ചിരിക്കുകയായിരുന്നു.. വേട്ടയ്ക്കൊരുമകന്‍ തന്‍റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള തന്‍റെ പുത്രനെയും കൂട്ടി കോട്ട പിടിക്കാന്‍ പുറപ്പെട്ടു .. എല്ലാം പ്രതിസന്ധികളും അതിജീവിച്ച് അവര്‍ വാഴുന്നോരുടെ മുന്‍പിലെത്തി .. കോട്ട വിട്ടുകൊടുക്കാന്‍ വാഴുന്നോരു സമ്മതിച്ചു എങ്കിലും വേട്ടയ്ക്കൊരുമകനെ ഒന്ന് പരീക്ഷിക്കണമെന്ന് തോന്നി .. ആളുന്ന തീയില് തന്‍റെ ചേല വിരിച്ചു കാറകൂറകിടാവ് ...കുളിച്ചു വന്നു തീയില്‍ നിന്നും ചേല തിരിച്ചെടുത്തു ഉടുത്തു വാണോരേ വിസ്മയിപ്പിച്ചു ..എണ്ണിയാലൊടുങ്ങാത്ത നാളികേരം എറിഞ്ഞുടച്ചു  ഉഗ്രപ്രതാപിയായ വേട്ടക്കൊരുമകന്‍   .. നായരായി പുറപ്പെട്ട് നാളികേരം തകര്‍ത്ത്  ഐശ്വര്യം വിളയിച്ച അഭിമാന്യ പ്രഭുവിന്  ഇരിക്കാന്‍ പീഠവും സ്ഥാനവും നല്‍കി ആദരിച്ചു വാഴുന്നോര്‍ ..

കുറുംബ്രനാട്ടു സ്വരൂപത്തിന്റെ ദേവനായ വേട്ടയ്ക്കൊരുമകന്‍ തന്‍റെ സുഹൃത്തുക്കളായ വൈരജാതനെയും ക്ഷേത്രപാലകനെയും കൂട്ടി ദുഷ്ടരെ കൊന്നൊടുക്കി ശിഷ്ടരെ പരിപാലിച്ചു എന്നുമാണ് കഥ.. ഈ തെയ്യം കെട്ടിയാടുന്നത്‌ വണ്ണാന്‍ സമുദായക്കാരാണ് .. ദേഹത്ത് പച്ചനിറം ഉപയോഗിക്കുന്ന അപൂര്‍വ്വം തെയ്യ്ക്കൊലങ്ങളില്‍ ഒന്നാണ് വേട്ടക്കൊരുമകന്‍ ..
ശാസ്താവ് എന്ന പേരില്‍ ഈ ദേവനെ മാത്രമായി കെട്ടിയാടുന്ന അപൂര്‍വ്വമായ  ഒരു ക്ഷേത്രം  ഉണ്ട്..  നരിക്കോട് നടുവലത്ത് കോട്ടം.. ബാക്കിയെല്ലായിടങ്ങളിലും ഊര്‍പഴശ്ശി വേട്ടക്കൊരുമകന്‍ പുറപ്പാട് ഒന്നിച്ചാണ് എങ്കില്‍ ഇവിടെ ശാസ്താവിനു പ്രത്യേകം കോലമാണ്.. ഊര്‍പഴശ്ശി  ഇല്ല എന്നു മാത്രമല്ല ശാസ്താവിന്‍റെ  തോഴനായി കരിവേടന്‍ എന്ന ദേവനാണ് ഇവിടെ ഉള്ളത്.. ഊര്‍പഴശ്ശി പോലെ തന്നെ വൈഷ്ണവാംശ ദേവനാണ് കരിവേടനും ... പക്ഷെ മുഖത്തെഴുത്തും ചമയങ്ങളിലും മാറ്റമുണ്ട്.. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ അതു  മനസ്സിലാക്കാന്‍ പറ്റും.. ഇവിടെ ശാസ്താവ് എത്തിയത് കുന്നുമ്മൽ തറവാട്ടിലെ കാരണവരുടെ കൂടെയാണ് എന്ന് കരുതപെടുന്നു.. കുടകിൽ ജോലിക്ക് പോയ ഇദ്ദേഹത്തെ കള്ളൻമാർ ആക്രമിക്കാൻ വന്നു എന്നും ഓടി ചെന്നത് ഒരു ഒഴുക്കുള്ള നദിക്കരയിലാണ് എന്നും ഒരു വശത്ത് ഒഴുക്കുള്ള പുഴയും മറുവശത്ത് കള്ളന്മാരുമായി രക്ഷപെടാൻ ഒരു മാർഗവുമില്ലത്തപ്പോൾ അദ്ദേഹം കുടകില് വച്ച് ആരാധിച്ചു കൊണ്ടിരുന്ന ശാസ്താവീശ്വരനെ വിളിച്ചു കരഞ്ഞു എന്നും ദേവൻ കുതിരപുറത്തേറി വന്നു കുന്നുമ്മൽ കാരണവരെ രക്ഷിച്ചു എന്നും കഥ .. പിന്നീട് കുന്നുമ്മൽ കാരണവരുടെ ആഗ്രഹപ്രകാരം  അദ്ദേഹത്തിന്റെ തറവാടായ നരിക്കോട് നടുവലത്ത് വീട്ടിന്റെ കൊട്ടിലകത്തു തോഴനായ കരിവേടനോട് കൂടെ വന്നു കുടിയിരുന്നു  എന്നും തെയ്യത്തിന്റെ വാമൊഴികളിൽ  നിന്നും കേള്ക്കാം..

ഊര്‍പഴശ്ശി::

മേലൂര് ഇളംകന്യാവിനു വിഷ്ണുപ്രസാദത്താല്‍ ജനിച്ച പുത്രന്‍ ധയരപ്പനാണ് 
ഊര്‍പഴശ്ശി.. ശിവ പുത്രനായ വേട്ടയ്ക്കൊരുമകന്റെ  പ്രഭാവം താങ്ങാന്‍ കഴിയാതെ ഭൂമിദേവി  തന്‍റെ പതിയായ  മഹാവിഷ്ണുവിനോട്‌ പരാതി പറയുകയും ദേവന്‍ പുത്രനെ വേട്ടയ്ക്കൊരുമകനെ അനുഗമിക്കാന്‍ പറയുകയും ചെയ്തു .. ബാലുശ്ശേരി കോട്ടയില്‍ വന്നു വേട്ടക്കൊരുമകനെ കണ്ട്  തന്‍റെ ആഗമനൊദേശ്യം അറിയിക്കുകയും ദേവന്‍റെ കൂടെ ചേര്‍ന്ന് ദുഷ്ടനിഗ്രഹം നടത്തുകയും ചെയ്തു .. 
ശ്രീ ശാസ്താവ് :ശ്രീ കരിവേടന്‍ :


വേട്ടക്കൊരുമകന്‍ ഊര്‍പഴശ്ശി :: ഫോട്ടോ കടപ്പാട് : ഗൂഗിള്‍ 

"നായരായി പുറപ്പെട്ടു നാളികേരം തകർപ്പാന് 
നാഴികാമൂന്നു ഇരുപതോരായിരം  നൽതേങ്ങയും 
കുടു കുടാ    ഇടിപോലെ തകർത്താടി  വരുന്നവൻ 
കുടുകുടാ ഇടിയും നല്ലിളം ചേകോൻ കളിയും 
ഓർത്താലാത്ര കീർത്തിയെഴും 
ബാലുശ്ശേരി കോട്ടയിൽ വാണ 
വേട്ടക്കൊരുമകൻ തുണക്കേണം നമുക്ക്"


Monday, March 4, 2013

വിഷ്ണുമൂര്‍ത്തി .... മുഖത്തെഴുതിന്റെ സൌന്ദര്യം


മഹാ വിഷ്ണുവിന്‍റെ  നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത്‌ .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ  വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും  പ്രഹ്ലാദന്‍  മറുപടി കൊടുത്തു.. പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു  എന്നാല്‍ ഈ തൂണിലുണ്ടോ  നിന്‍റെ  ഭഗവാന്‍ എന്നു പറഞ്ഞു  തന്‍റെ  കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തന്‍റെ മടിയില്‍ വച്ച് ഹിരണ്യ കശിപുവിന്‍റെ  മാറ് പിളര്‍ന്ന് രക്തം കുടിച്ചു .. നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ്  വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .

പാലന്തായി കണ്ണന്‍ എന്ന വിഷ്ണുഭക്തനായ കുട്ടിയെ കുറുവാട് കുറുപ്പ് , കളവു ചെയ്തുവെന്ന പേരില്‍ കദളികുളത്തിന്റെ കല്‍പടവില്‍ വച്ച്  അതി ക്രൂരമായി കൊന്നുവെന്നും അതിനു പ്രതികാരമെന്നോണം കുറുവാട് കുറുപ്പിനെയും കുടുംബത്തെയും പരദേവത വധിച്ചു തറവാട് തന്നെ ഇല്ലാതാക്കിയെന്നും വിഷ്ണുമൂര്‍ത്തിക്ക് ഒരു പ്രാദേശിക കഥയുണ്ട്. ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഭക്ത വത്സലനായ ദേവനായി കണക്കാക്കുന്ന വിഷ്ണുമൂര്‍ത്തി മഹാവിഷ്ണുവിന്റെ നാലമവതാരമായ നരസിംഹ മൂര്‍ത്തി തന്നെയാണ് .

"എന്നുടയ കണ്ണനെ കൊന്ന കുറുവാടനെ കണ്ടുപിടിച്ചു ഞാന്‍ കൊന്നുയിരടക്കി വണ്ണം മുടിക്കുമെന്ന് പരദേവതയുടെ അട്ടഹാസം.

പാലന്തായി കണ്ണന്റെ ചുരികപുറത്തേറി മംഗലാപുരത്തുനിന്നും ഈ ദേവന്‍ 
നീലേശ്വരം കോട്ടപുറത്തേക്കു എഴുന്നള്ളിയെന്നും അവിടെ തെയ്യകോലം കെട്ടി ആരാധിച്ചുവെന്നും കഥ.. 

"പണ്ടേ പാലാഴി തന്നില്‍ പരമസുഖ രസത്തോട് വാഴും 
ശ്രീ വൈകുണ്ഡന്‍ മര്‍ത്ത്യ മൃഗേന്ദ്രനായവതരിച്ചുണ്ടായ ശേഷം
ഭൂമി മുന്‍പായന്നള്ളടത്തില്‍ പുകള്‍ പെരിയ സ്ഥലം നല്ല 
പാലായി ദേശത്തിങ്കല്‍ പാലായി പരപ്പെന്‍ തന്‍ പരമപദ 
സാജ്ഞത്തിങ്കലേല്‍പ്പിച്ചു കോലം "

പാലായി പരപ്പെന്‍ എന്ന മലയനാണ് ആദ്യമായി വിഷ്ണുമൂര്‍ത്തിയുടെ കോലം കെട്ടിയാടിയതെന്നു പറയപ്പെടുന്നു.എന്ത് വേഷം നരസിംഹമൂര്‍ത്തിക്ക് നല്‍കണമെന്ന ചിന്തയില്‍ വിഷമിച്ചുറങ്ങിയ അദ്ദേഹത്തിന് ഇന്ന് കാണുന്ന തരത്തിലുള്ള രൂപം സ്വപ്ന ദര്‍ശനമുണ്ടായി എന്ന് ഐതിഹ്യം .

മിക്കവാറും കാവുകളില്‍ ഉപദേവനായി ശ്രീ വിഷ്ണുമൂര്‍ത്തിയെ കാണാം .. പ്രധാന ദേവന്‍ / ദേവി ആരായാലും വിഷ്ണുവിന്‍റെ  സ്ഥാനം വലതു വശത്തായിരിക്കും ..


 കൂട്ടത്തിനും കുറിക്കും അങ്കത്തിനും നായാട്ടിന്നും  നരിവിളിക്കും തുണയായി എത്തുന്ന നരഹരി ഭഗവാന്‍ നാരായണന്‍ തന്നെയാണ് വടക്കന്‍ കേരളത്തിലെ പ്രധാന നാട്ടുപരദേവത.. ഈ തെയ്യം സാധാരണയായി മലയ സമുദായക്കാരാണ് കെട്ടിയാടറുള്ളത്  എങ്കിലും ചിലയിടങ്ങളില്‍ പുല വിഷ്ണുമൂര്‍ത്തി എന്ന പേരില്‍ പുലയ സമുദായക്കാരും കെട്ടിയാടാറുണ്ട്.. ഹിരണ്യവധം ചെയ്യുന്നതും പിന്നീട് പ്രഹ്ലാദനെ ആശീര്‍വദിക്കുന്നതും വളരെ  മനോഹരമായാണ് തെയ്യം നമുക്ക് കാണിച്ചു തരുന്നത്..  വളരെ മനോഹരമായ മുഖത്തെഴുത്ത്‌ ഈ തെയ്യത്തിന്‍റെ  ഒരു പ്രത്യേകതയാണ്

ഫോട്ടോ കടപ്പാട് :: ഷാജി മുള്ളൂക്കാരന്‍ 

Friday, March 1, 2013

ഉച്ചിട്ട ഭഗവതി.... തീകനല്‌ വാരിക്കളിക്കുന്ന തമാശക്കാരിയായ തെയ്യക്കോലം


 മന്ത്ര മൂര്‍ത്തികളിലും  പഞ്ച മൂര്‍ത്തികളിലും പ്രമുഖയും അതിസുന്ദരിയുമായ ദേവി .. അഗ്നി ദേവന്‍റെ  ജ്യോതിസ്സില്‍ നിന്നും അടര്‍ന്നു വീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണു അതില്‍ നിന്നും ദിവ്യ ജ്യോതിസ്സോട് കൂടി സുന്ദരിയായ ദേവിയുണ്ടായി . ആ ദേവിയെ ബ്രഹ്മദേവന്‍  അവിടെ നിന്നും കാമദേവന്‍ വഴി  മഹാ ദേവന് സമര്‍പ്പിച്ചു എന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷപ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്ന് മാനുഷരൂപത്തില്‍ കുടിയിരുന്നുമെന്നുമാണ് കഥ.

എന്നാല്‍ ശ്രീകൃഷണ സഹോദരിയായ യോഗമായ ദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയും കേള്‍ക്കാനുണ്ട്..അഗ്നിപുത്രിആയതുകൊണ്ട്  തീയില്‍ ഇരിക്കുകയും കിടക്കുകയും  തീകനല്‍ വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്.. .. അടിയേരി  മഠത്തില്‍ ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്.. മന്ത്ര വാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും  ഗൃഹങ്ങളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ്  ഇത് .ദേവിയുടെ തോറ്റം പാട്ടുകളില്‍ മുകളില്‍ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകരമാണ് .. ഈ തെയ്യത്തിന്‍റെ  വാമൊഴികള്‍   മാനുഷ ഭാവത്തിലാണ് .. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട് ,കാട്ടുമാടം,പുത്തില്ലം ,പൂന്തോട്ടം   തുടങ്ങിയവയാണ് പ്രധാന ആരൂഡ കേന്ദ്രങ്ങള്‍ 

ഫോട്ടോ കടപ്പാട് :: വികാസ് മംഗലശ്ശേരി