Wednesday, February 27, 2013

തീചാമുണ്ഡി .. അഗ്നി പ്രവേശം ചെയ്യുന്ന രൗദ്ര മൂര്‍ത്തി

ഹിരണ്യ കശിപുവിനെ കൊന്ന്  പ്രഹ്ലാദനെ രക്ഷിച്ച  നരസിംഹ മൂര്‍ത്തിയെയാണ് തീ ചാമുണ്ടിയായി കെട്ടിയാടുന്നത്‌ .. ഹിരണ്യ വധം കഴിഞ്ഞിട്ടും നരസിംഹ മൂര്‍ത്തിയുടെ കോപം ശമിച്ചില്ല.. മഹാദേവന്‍ തന്‍റെ  മൂന്നാം തൃക്കണ്ണ് തുറന്ന് അഗ്നിയുണ്ടാക്കി എന്നും അതില്‍ ചാടി നരസിംഹം തന്‍റെ ദേഷ്യം ശമിപ്പിച്ചുവെന്നും കഥ ..അല്ല ഹിരണ്യ കശിപുവിനെ കൊന്ന ശേഷം ഭഗവാന്‍ നാരായണന്‍ അഗ്നി ശുദ്ധി വരുത്തിയതാണ് തീ ചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നും അതുമല്ല  നാരയണ നാമം ജപിച്ച പ്രഹ്ലാദനെ കൊല്ലാന്‍ ഹിരണ്യകശിപു പുത്രനെ അഗ്നിയില്‍ എറിഞ്ഞെന്നും  തന്റെ ഭക്തനെ രക്ഷിക്കാന്‍ മഹാവിഷ്ണു അഗ്നിയിലേക്ക് ചാടിയതാണ് എന്നും അതാണ്‌ തീ ചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നുമാണ് പറഞ്ഞു കേട്ടിടുള്ളത്.. തെയ്യത്തിന്‍റെ  വാമൊഴി പ്രകാരം അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്..

മലയസമുദായക്കാരാണ്ഈതെയ്യംകെട്ടിയാടറുള്ളത്..വളരെയധികം അപകടം ഉണ്ടായേക്കാവുന്ന ഈ തെയ്യക്കോലത്തെ  ഒറ്റക്കോലം  എന്നാണു പൊതുവായി പറയാറുള്ളത്.. അഗ്നിയിലേക്ക് എടുത്ത് ചാടുന്ന ഈ തെയ്യക്കോലം നര സിംഹമൂര്‍ത്തിയുടെ എല്ലാ രൗദ്ര ഭാവങ്ങളും നമുക്ക് കാണിച്ചു തരുന്നുണ്ട്.. " ഇന്ധനം മല പോലെ കത്തി ജ്വലിപ്പിച്ചതില്‍ നിര്‍ത്തിയിട്ടുണ്ടെന്‍ ഭക്താനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യ കശിപു.. അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി അതിനു തിരുവാട്ടകേട്‌ വന്നിരിക്കുന്നതായോരപരാധത്തിനു  ഇടവരുത്തരുതല്ലോ .. ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ"... എന്ന്  കത്തി ജ്വലിക്കുന്ന മേലേരി കനലില്‍  ചാടുന്നതിനു മുന്‍പ് ദേവന്‍റെ  വാമൊഴി..


          ഫോട്ടോ കടപ്പാട് :: ശ്രീജിത്ത്‌ കെ 

Monday, February 25, 2013

കുട്ടിച്ചാത്തന്‍ .. മന്ത്രമൂര്‍ത്തികളിലെ ഉഗ്രമൂര്‍ത്തിശിവ പാര്‍വതിമാര്‍ വള്ളുവരായി  കഴിഞ്ഞ കാലം അവര്‍ക്കുണ്ടായ പുത്രനത്രെ ശ്രീ കുട്ടി ശാസ്തന്‍ .. മക്കളില്ലാതിരുന്ന തന്‍റെ ഭക്തനായ കാളകാട്ടു നമ്പൂതിരിക്ക് മഹാദേവന്‍ കുട്ടിയെ നല്‍കുന്നു ..ഏഴു വയസ്സ് തികഞ്ഞപ്പോള്‍ കാളകാട്ടു നമ്പൂതിരി പുത്രനെ ശങ്കരപൂ വാര്യരുടെ എഴുതുപള്ളിയില്‍ എഴുത്തിനിരുത്തി..ഗുരു ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കുട്ടി പഠിച്ചെടുത്തു.. കുട്ടിയുടെ സംശയങ്ങള്‍ക്ക് മുന്പില്‍ ഗുരുവിനു ഉത്തരമില്ലാതായി ..

 ഒരു ദിവസം കുളിച്ച വന്ന ഗുരു തന്‍റെ  ഗ്രന്ഥം വായിക്കുന്ന കുട്ടിയെ കണ്ടു കോപാകുലനായി .. ഗ്രന്ഥമെടുത്തു വായിച്ചിട്ടാണ് ഇങ്ങനെ തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്ന് മനസ്സില്‍ തോന്നിയ ഗുരു ചൂരല്‍ കൊണ്ട് കുട്ടിയെ അടിച്ചു .. ആദ്യം അതു കാര്യമാക്കാതെ ഇരുന്ന കുട്ടിയുടെ ഭാവം പെട്ടെന്ന് മാറി.. കോപം പൂണ്ട അവന്‍ ഗുരുവിന്‍റെ  തലയറുത്തു ..

 ഇതറിഞ്ഞ കാളകാടര്‍ കോപാകുലനായി .. വിശന്നു വലഞ്ഞു  വരുന്നകുട്ടിക്ക് ഭക്ഷണം കൊടുക്കരുതെന്ന് കാളകാടര്‍ ആത്തോലമ്മയോടു പറഞ്ഞു .. ദേഷ്യം പൂണ്ട കുട്ടി ആത്തോലമ്മയുടെ ഇടതു മുലക്കു കല്ലെറിഞ്ഞു .. ഇല്ലത്ത് കഴിയാന്‍ നിനക്ക് അര്‍ഹത ഇല്ല എന്നു പറഞ്ഞു കുട്ടിയെ കാലിമെയ്ക്കാന്‌ അയച്ചു.. കാലിമേയ്ച്ചു തളര്‍ന്നു തിരിച്ചുവന്ന കുട്ടി ഇല്ലതമ്മയോടു കുടിക്കാന്‍ പാല് ചോദിച്ചു.. ഇല്ലത്തമ്മ പാല്‍ കൊടുത്തില്ല.. പാല് കൊടുക്കാതിരുന്നതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാളകൂട്ടത്തിലെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു .. ഇതറിഞ്ഞ കാളകാടര്‍ കുട്ടിയെ കൊന്നു.. എന്നാല്‍ വീണ്ടും ജനിച്ചു പ്രതികാര ദാഹിയായി തീര്‍ന്ന കുട്ടിശാസ്തന്‍ കാളകാട്ടില്ലം അഗ്നിക്കിരയാക്കി.. കാളകാടര്‍ മാന്ത്രികന്മാരെ വരുത്തി കുട്ടിയെ 444 കഷണങ്ങളാക്കി അഗ്നിയില്‍ ഹോമിച്ചു .. തീയില്‍ നിന്നും അത്ര തന്നെ ചാത്തന്മാര്‍ ഉണ്ടാകുകയും കാളകാട് അടക്കമുള്ള 44 ഇല്ലങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തു.. പ്രതികാര ദാഹിയായ് തീര്‍ന്ന ചാത്തന്‍  ചാലയില്‍ പെരുമലയന്റെ  ഭക്തിയില്‍ സംപ്രീതനായി.. പൂജയും നേര്‍ച്ചയും നല്‍കുകയും കോലസ്വരൂപം കെട്ടിയാടിക്കുകയും ചെയ്തു .. ആദ്യമായി കുട്ടിച്ചാത്തന്റെ കോല സ്വരൂപം കെട്ടിയാടിയതും ചാലയിൽ പെരു മലയനാണ് എന്നുവിശ്വസിക്കപെടുന്നു..

കുട്ടിശാസ്തനുപ്രധാനമായും3രൂപങ്ങള്‍ഉണ്ട്..കരിംകുട്ടി,പൂക്കുട്ടി,കുട്ടിഎന്നിവയാണവ..ഭക്തര്‍ക്ക്‌ ക്ഷിപ്രപ്രസാദിയും പരിഹസിക്കുന്നവര്‍ക്ക് അനര്‍ത്ഥകാരിയുമാണ്ഈദേവന്‍....മന്ത്രമൂര്തികളില്‍പ്രധാനിയായഈദേവന്‍ഭൈരവാദിപഞ്ചമൂര്തികളിലെപ്രധാന ആരാധനാ മൂര്‍ത്തിയാണ്..

**താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ കരിംകുട്ടി ചാത്തന്റെതാണ്ഫോട്ടോ കടപ്പാട് :: ഗൂഗിള്‍ 

Thursday, February 21, 2013

ബാലി .......കാഴ്ചകാരെ വിസ്മയിപ്പിക്കുന്ന ചടുല നൃത്തചുവടുകള്‍തന്‍റെ  ഭര്‍ത്താവിനെ പരിഹസിച്ച സൂര്യനെ ഭര്‍തൃ ഭക്തയും പഞ്ച
രത്നങ്ങളില്‍ ഒരുവളുമായ  ശീലാവതി നീ ഉദിക്കാതാകട്ടെ എന്നു  ശപിച്ചു.. 
സൂര്യന്‍ ഉദിക്കാതെ ഇരുന്ന നേരം സൂര്യ തേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഒരു മോഹം തോന്നി.. ഇന്ദ്ര സഭയായ 
അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണാമെന്നു.. 
തന്‍റെ രൂപത്തില്‍ ചെന്നാല്‍ ദേവേന്ദ്രന്‍ കോപിക്കുമോ എന്നു  ഭയന്ന് 
അരുണന്‍ ഒരു സ്ത്രീ രൂപമെടുത്തു അവിടെ ചെന്നു .. അതി സുന്ദരിയായ 
അരുണന്റെ സ്ത്രീ രൂപം കണ്ട്  ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്‍ന്നു.. 
അതില്‍ അവര്‍ക്കുണ്ടായ പുത്രനത്രെ ശ്രീ ബാലി.. പിന്നീട് അരുണന്റെ 
ഇതേ രൂപം കണ്ട് സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാകുകയും 
ചെയ്തു.. തന്‍റെ  കാല ശേഷം കിഷ്കിന്ദ  ഭരിക്കാന്‍ അനന്തരാവകാശികള്‍ 
ഇല്ലാതെ വിഷമിച്ച കിഷ്കിന്ദാപതി  ഋഷരചസ്സിനു ദേവേന്ദ്രന്‍ ഈ  രണ്ടു 
മക്കളെയും നല്‍കി.. എല്ലാവരെയും അത്ഭുതപെടുത്തുന്ന സഹോദര സ്നേഹത്തോടെ അവര്‍ കിഷ്കിന്ദയില്‌  വളര്‍ന്നു... ഋഷ രചസ്സിന്റെ
മരണ ശേഷം ബാലി കിഷ്കിന്ധാധിപതിയായി സ്ഥാനമേറ്റു .. മാലവ്യാന്‍ പര്‍വ്വതത്തില്‍ കൊട്ടാരം നിര്‍മിച്ച്  ബാലി അവിടെ താമസിച്ചു.പുത്രനോടുള്ള വാല്‍സല്യതാല്‍ ,ആര് ബാലിയോടു  എതിരിടുന്നോ അവരുടെ പാതി ശക്തി കൂടി ബാലിക്ക് ലഭിക്കുമെന്ന വരം നല്‍കി ദേവേന്ദ്രന്‍ ... 

രാക്ഷസ രാജാവായ രാവണന്റെ കിങ്കരമാരെ നിഷ്പ്രയാസം വധിച്ചു 
കളഞ്ഞ ബാലിയോടു   ഏറ്റുമുട്ടാന്‍ രാവണന്‍  തന്നെ പല  തവണ  നേരിട്റെതിയെങ്കിലും ബാലിയെ ജയിക്കാന്‍ പറ്റിയില്ല എന്നു മാത്രമല്ല ,
സംവല്സരങ്ങളോളം ബാലിയുടെ അടിമയായി കഴിയേണ്ടിയും വന്നു..
ബാലിയെ ചതിയിലൂടെ തോല്‍പ്പിക്കാന്‍ രാവണന്‍ അസുര ശില്പിയായ
മയന്റെ പുത്രന്‍ മായാവിയെ കിഷ്കിന്ധയിലേക്ക് അയച്ചു.. മായാവിയെയും
ബാലി വധിച്ചു എങ്കിലും മായാവിയുടെ ചതി പ്രയോഗം സുഗ്രീവനെ
ബാലിയുടെ ശത്രുവാക്കി തീര്‍ത്തു.. തന്നെ വധിക്കാന്‍ ഒരുങ്ങിയ ബാലിയെ
പേടിച്ച്  സുഗ്രീവന്‍ ഋഷ്യ മൂകാചലത്തില്‍  പോയി ഒളിച്ചു .. ഒടുവില്‍
സുഗ്രീവ പക്ഷം ചേര്‍ന്ന രാമന്‍ സപ്തസാല വൃക്ഷത്തിനു പിന്നില്‍
ഒളിച്ചിരുന്ന്  എയ്ത അമ്പേറ്റ് ബാലി വീര സ്വര്‍ഗം പൂകി..

 ആശാരിമാരുടെ കുല ദൈവമാണ് ബാലി .. വടുക രാജാവ് തന്‍റെ  കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചുപോന്നിരുന്നു.. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്‍ഥനയും കണ്ട്  ദൈവം അദേഹത്തിന്റെ വെള്ളോലമേക്കുട ആധാരമായി മണ്ണുമ്മല്‍  പടിഞ്ഞാറ്റയില്‍   എത്തി എന്നും പറയപ്പെടുന്നു.. പിന്നീട് മൊറാഴ,വടക്കുംകൊവില്‍,മണ്ണുമ്മല്‍ ,കുറുന്താഴ എന്നിവടങ്ങിളിലും അവിടെ നിന്നും പിന്നെ മിക്ക ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം..... വണ്ണാന്‍  സമുദായക്കാരാണ് ഈ തെയ്യം കെട്ടാറുള്ളത്..

തീര്‍ച്ചയായും കണ്ടിരിക്കേണ്ട തെയ്യം തന്നെയാണ് ബാലി..ബാലി സുഗ്രീവ
യുദ്ധവും മറ്റും ആന്ഗ്യങ്ങളിലൂടെ  ഈ തെയ്യം കാണിച്ചു തരാറുണ്ട്..
തലശ്ശേരി അണ്ടലൂര്‍ കാവില്‍ സുഗ്രീവനെയും കെട്ടിയാടാറുണ്ട്.. ബാലി
സുഗ്രീവ യുദ്ധവും അവിടെ കാണിക്കാറുണ്ട് എന്നു  കേട്ടിട്ടുണ്ട് .. കണ്ടിട്ടില്ലഫോട്ടോ കടപ്പാട് :: ഗൂഗിള്‍
Monday, February 18, 2013

വയനാട്ടു കുലവന്‍ (തൊണ്ടച്ചന്‍ ) ...എത്ര കണ്ടാലും മതിവരാത്ത തെയ്യക്കോലം


 ശ്രീ  മഹാദേവന്റെ ഇടത്തെ  തുട പിളര്‍ന്നുണ്ടായ ദിവ്യ മൂര്‍ത്തി..എന്നും
മദ്യ ലഹരിയില്‍ എത്തുന്ന മഹാദേവനെ കണ്ട ശ്രീ പാര്‍വതി എവിടെ നിന്നാണ്  ഭഗവാനു  ഇതു കിട്ടുന്നതെന്നറിയാന്‍  അന്വേഷണമാരംഭിച്ചു..
കൈലാസത്തിനടുത്തുള്ള മധുവനത്തില്‍ നിന്നാണ് ദേവന്‍ കുടിക്കുന്നതെന്ന്
ദേവി മനസ്സിലാക്കി..ഇതു  തടയണമെന്ന് ദേവി മനസ്സില്‍ ആലോചിച്ചുറപ്പിച്ചു..
അതിന്‍ പ്രകാരം ദേവന്‍ കുടിക്കുന്ന പനയുടെ ചുവട്ടില്‍ ചെന്ന ദേവി,
പനയുടെ വേരിനടുത്തു കിടക്കുന്ന കള്ള്  കിട്ടുന്ന ഭാഗം പനയുടെ മുകളിലേക്ക്
മാറ്റി..പതിവ് പോലെ മധു പാനം ചെയ്യാന്‍ വന്ന മഹാദേവന്‍ പനയുടെ
മുകളിലേക്ക് മാറ്റപെട്ട കള്ള് കണ്ട്  കോപം പൂണ്ടു.ദേഷ്യം കൊണ്ട് ശകതിയായി  തന്റെ ഇടതു തുടയില്‍ അടിക്കുകയും അതില്‍ നിന്നും  ഒരു
ദിവ്യന്‍ ഉണ്ടാകുകയും ചെയ്തു..ശ്രീ മഹാ ദേവന്‍ തിരുവടി നല്ലച്ചന്റെ
മുന്നില്‍ ചെന്ന് പുത്രന്‍ താന്‍ എന്ത് വേണമെന്ന് ആവശ്യപെട്ടു..പനയുടെ
മുകളില്‍ നിന്നും എനിക്കും എന്നും കള്ള് എടുത്തു തരികയാണ് നിന്റെ
ജോലിയെന്ന് ഭഗവാന്‍ ആ ദിവ്യനോട് പറഞ്ഞു..ദേവന്റെ ആഞ്ജ  കേട്ട
ദിവ്യന്‍ പനയുടെ മുകളില്‍ കേറി ഭഗവാന്‍ കള്ള് എത്തിച്ചു കൊടുക്കുന്ന
ജോലി ചെയ്യാന്‍ തുടങ്ങി..നായാടിയും മധുപാനം ചെയ്തും ദിവ്യന്‍
മധുവനത്തില്‍ രസിച്ചു ഉല്ലസിച്ചു നടന്നു ...കൈലാസത്തിന് സമീപമുള്ള
എല്ലാ വനത്തിലും നായാടി നടക്കാം എന്നു  മഹാദേവന്‍ പുത്രന് അനുവാദം കൊടുത്തു എങ്കിലും പാര്‍വതീ പരമേശ്വരന്മാര്‍ എന്നും സന്ദര്‍ശിക്കുന്ന കദളീ വനത്തില്‍ കയറരുത് എന്നു പറഞ്ഞിരുന്നു .. അതു കേള്‍ക്കാതെ ദേവന്‍ കദളീ വനത്തില്‍ ചെല്ലുകയും അവിടെ മഹാ ദേവന് വേണ്ടി വച്ചിരുന്ന മധു പാനം ചെയ്യുകയും കാഴ്ച ശക്തി പോകുകയും ചെയ്തു..


തീയ സമുദായക്കാരുടെ ആദി ദേവനായ വയനാട്ടു കുലവനെ തൊണ്ടച്ചന്‍ എന്നാണു പൊതുവായി വിളിച്ചു പോരുന്നത് . (തൊണ്ടച്ചന്‍ എന്ന് പറഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ആള് ) തീയ സമുദായക്കാരുടെ കുലദൈവമാണ് ഈ ദേവന്‍ ..പതിഞ്ഞ താളത്തോട്‌ കൂടിയുള്ള വളരെ പതുക്കെയുള്ള ഈ ദേവന്റെ നൃത്ത ചുവടുകള്‍ നയന മനോഹരമാണ്..ഒരു തെയ്യം ആരാധകനാണ് എങ്കില്‍ തീര്‍ച്ചയായും ഈ തെയ്യം നിങ്ങള്‍ കണ്ടിരിക്കണം എന്നാണ് എന്‍റെ  വ്യക്തി പരമായ അഭിപ്രായം.. നായാട്ടു ദേവനായ ശ്രീ വയനാട്ടു കുലവന്റെ തെയ്യക്കോലം സാധാരണയായി വണ്ണാന്‍സമുദായക്കാരാണ്കെട്ടിയാടാറുള്ളത് ....കാവുകളെക്കാള്‍ കൂടുതല്‍ ഈ തെയ്യം തറവാടുകളിലാണ് കൂടുതലും കെട്ടിയാടുന്നത്‌ ...കണ്ണു കാണാത്ത വൃദ്ധ രൂപിയായ ദേവന്‍ വിളിച്ചാല്‍ വിളിപുറതെത്തുന്ന  ദേവനാണ് എന്നാണു ഭക്തരുടെ വിശ്വാസം..കണ്ണും കാണില്ല ചെവിയുംകേള്‍ക്കില്ല എങ്കിലും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കാണാനും കേള്‍ക്കാനും തനിക്കു കഴിയുമെന്നു ഈ തെയ്യം ഭക്തരെ അനുഗ്രഹിക്കുമ്പോള്‍ പറയുന്നു..കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല എന്നാല്‍ കരിമ്പാറ മേല്‍ കരിമ്പേന്‍ ഇരിക്കുന്നതും കാണും നെലിയില വീഴുന്ന ശബ്ദവും കേള്‍ക്കാം എന്നു തെയ്യത്തിന്റെ വാമൊഴി


ഫോട്ടോ കടപ്പാട് :: പ്രിജീഷ് നടുവലത്ത് 

Sunday, February 17, 2013

പുതിയ ഭഗവതി...കോലത്തു നാട്ടിലെ പ്രധാന ആരാധനാ ദേവത

ശ്രീ മഹാദേവന്‍ ചീറുമ്പ  ഭഗവതിയെ സൃഷ്ടിച്ച്  ദേവലോകത്തും  മാനുഷ 
ലോകത്തും സൌഖ്യവും നന്മയും നല്‍കണമെന്ന് പറഞ്ഞയചെങ്കിലും കുസൃതി 
തോന്നിയ ഭഗവതി എല്ലാവര്ക്കും വസൂരി രോഗം നല്‍കുകയാണ് ചെയ്തത്..
അച്ഛനായ പരമശിവനും ദേവി വസൂരി രോഗം പടര്‍ത്തി. മാനുഷ ലോക 
ത്തില്‍ എത്തിയ ദേവി അവിടത്തെ ചിട്ടകളൊക്കെ തകിടം മറിച്ചു ..വന 
ദേവതകളെ നാട്ടിലും നാട്ടിലെ ദേവതകളെ വനത്തിലും പ്രതിഷ്ഠിച്ചു ..
പൂജാ വിധികള്‍ മാറ്റി മറിച്ചു ..കൂടാതെ എല്ലാവര്ക്കും വസൂരി രോഗം 
പടര്‍ത്തി..ദേവകള്‍ മഹാദേവന്റെ അടുക്കല്‍ ചെന്ന് പരാതി പറഞ്ഞു ..
പരിഹാരാര്‍ത്ഥം മഹാദേവന്‍ വലിയൊരു അഗ്നികുണ്ഡം സൃഷ്ടിച്ച്  40
ദിവസം യാഗം നടത്തി..നാല്പതിയൊന്നാം  ദിവസം അഗ്നികുണ്ഡം പൊട്ടി 
തെറിച്ച് ശ്രീ പുതിയ ഭഗവതി ഉണ്ടായി..ശ്രീ മഹാദേവന്റെ മുന്നില്‍ ചെന്നു 
നിന്ന ഭഗവതി എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്നു  ചോദിച്ചു..നീ ദേവ 
ലോകത്തിലെയും മാനുഷ ലോകത്തിലെയും വസൂരി രോഗം തടവി ഒഴിവാക്കണമെന്നു ഭഗവാന്‍ പറഞ്ഞു...ആദ്യം ശ്രീ മഹാ ദേവന്റെയും പിന്നീട് ദേവകളുടെയും  വസൂരി രോഗം ദേവി തടവി ഒഴിവാക്കി..

പിന്നീട് ശ്രീ മഹാദേവന്‍ നല്‍കിയ വാളും  ചിലമ്പും കനക പൊടിയും  കയ്യേറ്റു 
ദേവി മാനുഷ ലോകത്തില്‍ എത്തി..പുതിയ ഭഗവതിയുടെ സഹായത്തിനായി 
മഹാദേവന്‍ ദേവിയുടെ കൂടെ ആറു  ആങ്ങളമാരെയും  അയച്ചിരുന്നു..
ദേവിയെ കണ്ടു മോഹിച്ചു വന്ന അസുരനായ കാര്‍ത്യ വീരാസുരനുമായുള്ള  
യുദ്ധത്തില്‍ അസുരന്‍ ദേവിയുടെ ആറു ആങ്ങളമാരെയും കൊന്നു കളഞ്ഞു..
ക്രുദ്ധയായ ദേവി അസുരനെ കൊന്ന് അഗ്നിയിലിട്ടു ചുട്ടുകരിച്ചു തിലകം 
തൊട്ടു..എന്നിട്ടും മതി പോരാഞ്ഞ് വില്വാപുരം കോട്ട തീയിട്ടു..അതിനു ശേഷം  തൃകണ്ണാല്‍ കൊടിമര കീഴില്‍ വച്ച്  ചീറുമ്പയെ കണ്ടു ആദ്യം കോപം പൂണ്ടു എങ്കിലും പിന്നീട് ഇഷ്ടത്തിലായി...തെക്ക്  നിന്നും വടക്കോട്ടേക്ക്  യാത്ര ആരംഭിച്ചദേവി മാന്ത്രിക തറവാടായ  മൂലചെരി തറവാട്ടില്‍ ചെന്നു ..മൂലചെരി കുറുപ്പ്ദേവിക്ക്പീഠവുംസ്ഥാനവുംനല്‍കിആദരിച്ചു..കോലത്തിരി മന്നനു ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടതിന്‍ പ്രകാരം രാജാവ് ദേവിയെ കോല രൂപത്തില്‍  കെട്ടിയാടിച്ചു..ദേവി സംപ്രീതയായി...


പുതിയ ഭഗവതിയെ  ആരാധിക്കാത്ത ഒരു ഗ്രാമം പോലും കോലത്തു നാട്ടില്‍  ഇല്ല എന്നുതന്നെ പറയാം..  നാട്ടു പരദേവതയായ ഈ ദേവി തന്നെയാണ് മിക്കകാവുകളിലെയും  പ്രധാന ദേവത ..അഗ്നി ദേവതയാണ് ഈ ദേവി.. അഗ്നിയില്‍ പൊടിച്ചുണ്ടായികത്തുന്ന നാല് പന്തങ്ങളുമായി നൃത്തം ചെയ്യുന്ന ഈ ദേവിയുടെ പുറപ്പാടു അതിമനോഹരമാണ്..എത്ര സ്വയം കത്തിയെരിഞ്ഞാലുംഎന്നും പുതിയവളാണ്  താനെന്നു ദേവിയുടെ തിരുമൊഴി.. 
ഫോട്ടോ കടപ്പാട് :: ഗൂഗിള്‍ 

Saturday, February 16, 2013

ഭൈരവന്‍ തെയ്യം....പഞ്ചമൂര്‍ത്തികളില്‍ പ്രധാനി

കൈലാസനാഥനായ  ശ്രീ മഹാദേവന്‍ തന്നെയാണ് ഭൈരവന്‍ ....ഒരിക്കല്‍ മഹാവിഷ്ണുവും ബ്രഹ്മാവും തമ്മില്‍ ആരാണ് വലിയവൻ  എന്നതിനെ ചൊല്ലി  ഒരു തര്‍ക്കം നടന്നു.. അവര്‍ യുഗങ്ങളോളം യുദ്ധം ചെയ്തു
എങ്കിലും ആര്‍ക്കും തമ്മില്‍ ജയിക്കാനായില്ല ...ഒടുവില്‍ അവര്‍ ശിവന്റെ
അടുക്കല്‍ ചെന്നു  ഇതിനു പരിഹാരം കാണാന്‍ആവശ്യപെട്ടു..തര്‍ക്കം പരിഹരിക്കാന്‍ സഹായിക്കാമെന്നു മഹാദേവന്‍ സമ്മതിച്ചു..ശിവന്റെ ഉപായ പ്രകാരം കൈലാസത്തില്‍ ഉണ്ടായിരുന്ന വലിയ ഒരു ശിവലിന്ഗത്തിന്റെ  രണ്ടറ്റങ്ങളില്‍ എതെങ്കിലുമൊന്നു  ആര് ആദ്യം കണ്ടു തിരിച്ചു വരുന്നുവോ അവരായിരിക്കും വിജയിഎന്നു  മഹാദേവന്‍ പ്രഖ്യാപിച്ചു ..

മത്സരം തുടങ്ങി ബ്രഹ്മദേവന്‍ ശിവ ലിന്ഗത്തിന്റെ  മുകള്‍ ഭാഗത്തേക്കും  മഹാവിഷ്ണു താഴേക്കും യാത്ര ആരംഭിച്ചു..ഒരുപാട് കാലം യാത്ര ചെയ്തു
എങ്കിലും രണ്ടു പേര്‍ക്കും ലക്ഷ്യ സ്ഥാനം കണ്ടെത്താന്‍ പറ്റിയില്ല..ഇങ്ങനെ പോയാല്‍ യുഗങ്ങള്‍കഴിഞ്ഞാലും ഇതിന്റെ മുകള്‍ ഭാഗം കണ്ടെത്താന്‍ പറ്റില്ല എന്നു  മനസ്സിലാക്കിയ ബ്രഹ്മദേവന്‍  ശിവ ലിന്ഗത്തിന്റെ  മുകളില്‍ നിന്നും താഴോട്ട് പതിച്ചു കൊണ്ടിരിക്കുന്ന കൈത പൂവിനോട് സഹായം അഭ്യര്‍ഥിച്ചു.. കൈത  പൂവിനെ ശിവ ലിന്ഗത്തിന്റെ മുകളില്‍നിന്നും എടുത്തതാണ് എന്നു  കളവു പറയാന്‍ ബ്രഹ്മദേവന്‍ കൈത പൂവിനോട് ആവശ്യപെട്ടു ..ബ്രഹ്മദേവന്റെ  ആവശ്യം കേട്ട കൈത പൂവ് സമ്മതം മൂളി..

കൈത പൂവും കൊണ്ട് ശിവ സന്നിധിയില്‍ എത്തിയ ബ്രഹ്മദേവന്‍ താന്‍  ശിവ ലിന്ഗത്തിന്റെ മുകള്‍ വശത്ത് നിന്നാണ് വരുന്നതെന്ന് കളവു പറഞ്ഞു..അതിനു തെളിവായിട്ടാണ്‌കൈത  പൂവിനെ കൊണ്ടുവന്നതെന്നും പറഞ്ഞു..ബ്രഹ്മദേവന്‍ പറഞ്ഞത് കളവാണ്എന്നു  മനസ്സിലാക്കിയ പരമ ശിവന്‍ കൈതയോട് ബ്രഹ്മദേവന്‍ പറഞ്ഞത് സത്യമാണോഎന്നു  അന്വേഷിച്ചു കൈത പൂവും അതെ എന്ന മറുപടിയാണ് നല്‍കിയത്..കോപം പൂണ്ട മഹാ ദേവന്‍ ബ്രഹ്മാവിന്റെ അഞ്ചാം  ശിരസ്സ്‌ അറുത്തെടുത്തു..ആരും നിന്നെ പൂജിക്കാതാകട്ടെ എന്നു  ശാപവുംകൊടുത്തു..കളവിന്കൂട്ട്നിന്ന കൈതയെ ആരും പൂജയ്ക്കെടുക്കതാകട്ടെ എന്നും മഹാ ദേവന്‍ ശപിച്ചു..ഇതിനു ശേഷമാണ് പൂജയില്‍ പ്രധാനമായും ഉപയോഗിച്ച് കൊണ്ടിരുന്ന വളരെയധികം സുഗന്ധമേറിയ  കൈത പൂവ്ആരും പൂജയ്ക്കെടുക്കാത്തത് എന്നും  ബ്രഹ്മദേവന്‍ നാന്മുഖനായത് എന്നുമാണ്  കഥ..

ബ്രഹ്മാവിന്റെ ശിരസ്സറുത്ത മഹാദേവന് താന്‍ കോപം കൊണ്ട് ചെയ്തത് വളരെയധികം തെറ്റാണു എന്നു  തോന്നുകയും ഇതിനു പരിഹാരം കാണണമെന്നും തോന്നി..കപാലവുമേന്തി  ഭൈരവ രൂപം ധരിച്ചു മഹാദേവന്‍ ഭിക്ഷയ്ക്കിറങ്ങി..ഭിക്ഷയെടുത്ത്ജീവിച്ച് തന്റെ പാപം തീര്‍ത്തു എന്നാണു കഥ...കപാലവുമേന്തി  ഭിക്ഷയ്ക്കിറങ്ങിയ
ശിവന്റെ ഈ രൂപമാണ് ഭൈരവന്‍ തെയ്യതിന്റെത്...മന്ത്ര വാദ പാരമ്പര്യമുള്ള തറവാടുകളില്‍വിശേഷാല്‍ ആരാധിച്ചു പോരുന്ന തെയ്യക്കോലമാണ്  ഭൈരവന്‍ തെയ്യത്തിന്റെത്....

വളപട്ടണ പുഴയ്ക്കു വടക്ക് ഭാഗത്ത്‌ മലയ സമുദായക്കാരും പുഴയ്ക്കപ്പുറം പാണന്മാരുമാണ്  ഈ തെയ്യം കെട്ടിയാടാറുള്ളത് എന്നാണ്  കേട്ടിട്ടുള്ളത് ....ഭൈരവന്‍,ഉച്ചിട്ട തുടങ്ങി ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയും ഈ ദേവനാണ്...എന്നാല്‍ പാണന്മാര്‍കെട്ടിയാടുന്ന ഭൈരവന്‍ തെയ്യത്തിനു വേറൊരു കഥ കൂടി ഉണ്ട്.. ചോയിയാര്‍  മഠത്തില്‍ചോയിച്ചി പെറ്റ  ചീരാളനെ  യോഗിമാര്‍ക്കു  അറുത്തു കറിവച്ചു കൊടുത്തു എന്നും സത്യം മനസ്സിലാക്കിയ യോഗിമാര്‍ ചീരാള  എന്നു  വിളിച്ചപ്പോള്‍ ഇലയില്‍ നിന്നും ഇറച്ചികഷണങ്ങള്‍ തുള്ളികളിച്ചെന്നും ഓരോ ഇറച്ചി കഷണങ്ങളില്‍ നിന്നും ഓരോ ഭൈരവന്മാര്‍ ഉണ്ടായി എന്നും പറയപെടുന്നു...എന്നാല്‍ തെയ്യത്തിന്റെ തോറ്റം പാട്ടിലും  ചലനങ്ങളിലും ആദ്യ കഥയാണ് പ്രതിപാദിച്ചു കാണുന്നത്...

ഫോട്ടോ കടപ്പാട് :: വികാസ് മംഗലശ്ശേരി 

Thursday, February 14, 2013

പൊട്ടന്‍ തെയ്യം ...ജാതി മത വ്യത്യാസങ്ങള്‍ക്ക് നേരയുള്ള ചോദ്യശരം


സര്‍വ്വജ്ഞപീഠം കയറാനൊരുങ്ങിയ ശങ്കരാചാര്യരേ പരീക്ഷിക്കാന്‍ ചണ്ഡാല വേഷധാരിയായി പ്രത്യക്ഷപ്പെട്ട ശിവരൂപമാണ് ശ്രീ പൊട്ടന്‍ തെയ്യത്തിന്റെത്.ചണ്ഡാല വേഷ ധാരികളായ ശിവ പാര്‍വ്വതിമാരോടും നന്ദികേശനോടും തടസ്സമായി നില്‍ക്കുന്ന വഴിമാറി തരുവാന്‍ ശങ്കരാചാര്യര്‍ ആജ്ഞാപിക്കുന്നു .. എന്നാല്‍ 

എതിര്‍ത്തു വന്നടുത്തു നിന്ന് തെറ്റെടാ പുലയാ നീ ,
തെറ്റ് തെറ്റെന്നു  കേട്ട് തെട്ടുവാനെന്തു മൂലം ,
തെറ്റുകയില്ല ഞാനും ,
തെറ്റല്ലേ ചൊവ്വരിപ്പോള്‍ തെറ്റുവാന്‍ ചൊല്ലിയത്
തെറ്റുവാനോന്നു കൊണ്ടും പറ്റുകയില്ല പാര്‍ത്താല്‍,
തേറുവില്‍ ചൊവ്വരെ ഞാന്‍ ചൊല്ലുന്ന വാര്‍ത്തയെല്ലാം ..

“നീങ്കളെ കൊത്തിയാലും നാങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര “ 

തുടങ്ങി ദ്വയാര്‍ത്ഥ പ്രയോഗമുള്ള,അദ്വൈത സാരമുള്ള ചോദ്യങ്ങള്‍ ചോദിച്ച ചണ്ഡാലനു മുന്‍പില്‍ ഉത്തരമില്ലാതെ ശങ്കരന്‍ വിഷമിക്കുന്നു .യോഗ വേദാന്ത ത്വതങ്ങള്‍ വളരെ സരളമായ ഭാഷയില്‍ ചോദിച്ച് തന്നെ കുഴക്കുന്ന ചണ്ഡാലന്‍ സാദാരണക്കാരനല്ല എന്ന് മനസ്സിലാക്കിയ ശങ്കരന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു എന്നെ ശിഷ്യനായി സ്വീകരിക്കണമെന്നു അപേക്ഷിച്ചു.
അഹങ്കാരം ശമിച്ച ശ്രീ ശങ്കരന് മുന്‍പില്‍ മഹാദേവന്‍ പരിവാരങ്ങളോട് കൂടി പ്രത്യക്ഷനായി .

സര്‍വ്വജ്ഞപീഠം കയറാനൊരുങ്ങിയ നിന്റെ മനസ്സിലെ അഹങ്കാരവും അജ്ഞതയും  തുടച്ചു നീക്കുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നു അരുളിചെയ്തു .ജാതി മത വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ കാണണമെന്ന തത്ത്വം പഠിപ്പിച്ച ചണ്ഡാല വേഷധാരിയെ മറ്റു മനുഷ്യര്‍ക്ക് കാണുവാന്‍ ശങ്കരാചാര്യരുടെ  നിര്‍ദ്ദേശപ്രകാരം പൊട്ടന്‍ തെയ്യം  സൃഷ്ടിക്കുകയാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു .മനുഷ്യന്റെ ജാതിമത ചിന്തകളെ പൊട്ടന്റെ മുഖപാള അണിഞ്ഞു വന്നു നാമെല്ലാം ഒരുപോലെയാണെന്ന് കാണുവാനും നശ്വരമായ ജീവിതത്തിന്റെ അഗാതതയിലെക്ക് ഇറങ്ങി ചെന്നു മാനസികമായ വികാസം നേടാനും മനുഷ്യരെ ഉദ്ബോധിപ്പിക്കുന്ന തെയ്യമാണ്‌ ശ്രീ പൊട്ടന്‍ തെയ്യം .

നന്ദികേശ രൂപമായ പുലമാരുതനായും ശ്രീ മഹാദേവ രൂപമായ പൊട്ടനായും പിന്നീട് ശ്രീ പാര്‍വ്വതിരൂപമായ പുലചാമുണ്ഡിയായും രൂപമെടുക്കുന്ന പൊട്ടന്‍ തെയ്യം കത്തുന്ന മേലരികനലില്‍ മലര്‍ന്നു കിടുന്നു കുളിരുന്നെ എന്നാര്‍ത്തു വിളിച്ചു ജാതി ചിന്തയെയും വര്‍ണ്ണ വ്യത്യാസങ്ങളെയും പരിഹസിക്കുന്നു .

ഏറ്റവും നീണ്ട ചടങ്ങുകളുള്ള തെയ്യകോലങ്ങളില്‍ ഒന്നാണ് പൊട്ടന്‍ തെയ്യം .മലയസമുദായക്കാരും പുലയ സമുദായക്കാരുമാണ് പൊതുവായി ഈ തെയ്യം കെട്ടിയാടാറുള്ളത് .


ഫോട്ടോ കടപ്പാട് :: ഗൂഗിള്‍ 

Wednesday, February 13, 2013

കതിവനൂര്‍ വീരന്‍ തെയ്യം..... കോലത്ത് നാടിന്റെ വീരപുത്രൻ

മാങ്ങാടുള്ള* കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു ആണ്‍കുഞ്ഞു പിറന്നു .അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു .വളരെയധികം ലാളനയോടുകൂടി വളര്‍ന്ന മന്ദപ്പന്‍ കൂട്ടുകാരോടൊന്നിച്ചു നായാടി നടന്നു കാലം കഴിച്ചു .വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ പുത്രനെ ശാസിച്ചു .പക്ഷെ മന്ദപ്പന്‍ തന്റെ ജീവിത ശൈലിയില്‍ ഒരു മാറ്റവും വരുത്തിയില്ല .ഒരു ദിവസം വിശന്നു വലഞ്ഞുവന്ന മന്ദപ്പന്‍ ഭക്ഷണത്തിന് വേണ്ടി ഇരുന്നപ്പോള്‍ “നിനക്ക് നാണമുണ്ടോ ഇങ്ങനെ ജോലിചെയ്യാതെ തിന്നുമുടിക്കാന്‍” എന്ന് പറഞ്ഞു കുമാരപ്പന്‍ മകനെ അടിക്കാന്‍ തുനിഞ്ഞു.കോപം പൂണ്ട മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു വീട് വിട്ടിറങ്ങി.വഴിയില്‍ വിശ്രമിക്കാന്‍ ഇരുന്ന മന്ദപ്പന്‍,കാളകളെയും തെളിച്ചു വരുന്ന തന്റെ കൂട്ടുകാരെ കണ്ടു.കുടകിലെക്കാണ് അവര്‍ പോകുന്നതെന്ന് മനസ്സിലാക്കിയ അവന്‍ അവരോടു താനും കൂടെവരാമെന്ന് പറഞ്ഞു .മടിയനായ ഇവനെ കൂടെകൂട്ടിയാല്‍ നമുക്കുള്ള ആഹാരം പോലും ഇവന്‍ തിന്നുമുടിക്കും ഒരുപണിയും എടുക്കുകയുമില്ല എന്ന് മനസ്സില്‍ തോന്നിയ കൂട്ടുകാര്‍ മന്ദപ്പനെ ഒഴിവാക്കാന്‍ പലതും പറഞ്ഞു നോക്കി .പക്ഷെ അതൊന്നും ഫലവത്തായില്ല .ഒടുവില്‍ അവര്‍ കൂടെകൂട്ടാം എന്ന് സമ്മതിച്ചു .പക്ഷെ  വഴിയില്‍ എവിടെയെങ്കിലും വച്ചു ഇവനെ ഉപേക്ഷിക്കണമെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു.

കുറച്ചു ദൂരം മുന്നോട്ടു നടന്ന ഉടന്‍ ഒറ്റക്കാഞ്ഞിരം* തട്ടെന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ കള്ളുകുടിക്കാന്‍ ആരംഭിച്ചു .മന്ദപ്പനെ അവര്‍ കള്ള് കൊടുത്തു മയക്കി.അല്‍പ്പസമയം കഴിഞ്ഞു ഉണര്‍ന്ന മന്ദപ്പന് കൂട്ടുകാരുടെ ചതി മനസ്സിലായി .ആരും തനിക്ക് തുണയില്ലെന്ന് തോന്നിയ അവന്‍ അവിടെ വച്ച് "ഇനി മറഞ്ഞു മാങ്ങാട്ടെക്കില്ല" എന്നു പ്രതിജ്ഞയെടുത്ത് കുടകിലേക്ക് പുറപ്പെട്ടു.വഴിയില്‍ വച്ചു കൂട്ടുകാരും മന്ദപ്പനും തമ്മില്‍ കണ്ടെങ്കിലും ഒന്നുമുരിയാടാതെ  യാത്ര തുടര്‍ന്നു.കുടകിലെത്തി മന്ദപ്പന്‍ നേരെ പോയത് കതിവനൂരുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്കായിരുന്നു .അവിടെ മന്ദപ്പനെ അമ്മായി തന്റെ മകനെപോലെ വളര്‍ത്തി .അമ്മാവന്‍ അവനെ ആയോധനമുറകള്‍ പഠിക്കാന്‍ അയച്ചു .കളരിയില്‍ ഗുരുക്കളുടെ അടുത്തു നിന്നും വളരെ വേഗം അവന്‍ വിദ്യകള്‍ ഓരോന്നായി പഠിച്ചെടുത്തു .
ഒരിക്കല്‍ ദാഹിച്ചു വലഞ്ഞു വന്ന മന്ദപ്പന്‍, വഴിയരികിലുള്ള കിണറില്‍ നിന്നും വെള്ളം കോരിയെടുത്തു കൊണ്ടിരുന്ന ചെമ്മരത്തിയോടു ദാഹജലത്തിനു ചോദിക്കുകയും ചെമ്മരത്തി കൊടുത്ത വെള്ളം അമൃതെന്നപോലെ കുടിക്കുകയും ചെയ്തു .അവളോട്‌ മന്ദപ്പന് പ്രണയം തോന്നി .അമ്മാവന്റെയും അമ്മായിയുടെ അനുഗ്രഹത്തോടെ ചെമ്മരത്തിയെ മന്ദപ്പന്‍ വിവാഹം കഴിച്ചു .സന്തോഷത്തോടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്താണ് ചെമ്മരത്തിക്ക് മന്ദപ്പന്‍ ജോലി ചെയ്യാന്‍ മടിയനാണ് എന്നുള്ള വിവരം മനസ്സിലായത് .അത് അവര്‍ തമ്മില്‍ ചെറിയ ചെറിയ വാക്കേറ്റമുണ്ടാകാന്‍ കാരണമായി .പക്ഷെ രണ്ടുപേര്‍ക്കും ഉള്ളില്‍ സ്നേഹമുണ്ടായിരുന്നു .മന്ദപ്പന്റെ മടിമാറാന്‍ ചെമ്മരത്തി അവനെ എള്ള്മുതിച്ചു എണ്ണയുണ്ടാക്കാന്‍ അങ്ങാടിയിലെക്കയച്ചു .

അങ്ങാടിയില്‍ പോയി തിരിച്ചു വരാന്‍ വൈകിയ സുന്ദരനായ മന്ദപ്പനെ അവള്‍ക്ക് സംശയമായി .വൈകി വിശന്നു വലഞ്ഞു വന്ന മന്ദപ്പനോട് “എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ഏതു പെണ്ണിന്റെ പുറകെ പോയെന്നു” അവള്‍ ചോദിച്ചു.കലഹമില്ലാതിരിക്കാന്‍ മറുപടിയൊന്നും പറയാതെ മന്ദപ്പന്‍ ചോറുണ്ണാനിരുന്നു .ആദ്യ പിടിചോറില്‍ മുടികിട്ടി .അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോള്‍ യുദ്ധകാഹളം കേട്ടൂ.കുടകര്‍ മലയാളത്താന്‍മാരെ ആക്രമിക്കാന്‍ വരുന്നു!!.പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേര്‍ന്നതല്ല എന്നുമനസ്സില്‍ കരുതിയ മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാന്‍ ഒരുങ്ങി .തല വാതിലിനു മുട്ടി ചോര വന്നു .അതുകണ്ട ചെമ്മരത്തി “പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണമുറപ്പെ”ന്നു പറഞ്ഞു .എന്നിട്ടും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല .അപ്പോള്‍ അവള്‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു .

“ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും .നൂറുമുറിഞ്ഞ് നൂറ്റിയെട്ടു തുണ്ടാമാകും .കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകന്‍” തുടങ്ങി ശാപവാക്കുകള്‍ അവള്‍ ഉരുവിട്ടു.നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പറഞ്ഞു ഒരു മന്ദഹാസത്തോട് കൂടി മന്ദപ്പന്‍ അവിടെ നിന്നും പുറപ്പെട്ടു .വഴിയില്‍ വച്ച് മച്ചുനനെ കണ്ടു .താന്‍ “മരിച്ചാല്‍ ഇവിടെയുള്ള വാഴകള്‍ മുഴുവന്‍ അന്ന് തന്നെ കുലയ്ക്കുമെന്നു” പറഞ്ഞു .പാറിപറന്നു പടയ്ക്ക് പോയി .


മലയാളത്താന്‍മാര്‍ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ തോല്‍പ്പിച്ചു .അവര്‍ മന്ദപ്പന്റെ തങ്ങളുടെ രക്ഷകനായി കണ്ടു .അവര്‍ അവനെ വാനോളം പുകഴ്ത്തി .വിവരമറിഞ്ഞ അമ്മാവനും അമ്മായിയും സന്തോഷിച്ചു .ശാപവാക്കുകള്‍ ഉരുവിട്ടു പോയ ചെമ്മരത്തി ഭക്ഷണമൊരുക്കി തന്റെ പ്രിയനെ കാത്തിരുന്നു .തന്റെ നാക്കില്‍ നിന്നും വീണുപോയ വാക്കുകളെക്കുറിച്ച് അവള്‍ക്ക് അതിയായ ദുഃഖം തോന്നി .എങ്കിലും അവന്‍ തിരിച്ചു വരുന്നതിന്റെ,പട ജയിച്ചു വരുന്നതിന്റെ സന്തോഷം അവള്‍ക്കുണ്ടായിരുന്നു .പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല .ഒറ്റയ്ക്ക് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പക പിടിച്ച കുടകര്‍ ഒളിച്ചിരുന്ന് ചതിയിലൂടെ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞു വീഴ്ത്തി .ചെമ്മരത്തിക്ക് ദുഃഖം സഹിക്കാന്‍ കഴിഞ്ഞില്ല.തന്റെ ശാപവാക്കുകള്‍ ഫലിച്ചതുകണ്ട് അവള്‍ ഉച്ചത്തില്‍ അലമുറയിട്ട് കരഞ്ഞു .മച്ചുനനോട് മന്ദപ്പന്‍ പറഞ്ഞത് പോലെ കതിവനൂര്‍ അമ്മാവന്റെ വീട്ടില്‍ മന്ദപ്പന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലച്ചു .താന്‍ ചെയ്തുപോയ കുറ്റത്തിന് പ്രയശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു.കുടകര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തിയ ദേഹത്തിലെ ഓരോ കഷണങ്ങളും അവിടെ നിന്നും ജീവന്‍ വച്ചത് പോലെ അനങ്ങി .വീരനായ അവന്‍ ദൈവക്കരുവായി മാറിയെന്നു അവര്‍ക്ക് മനസ്സിലായി .മന്ദപ്പനെ കതിവനൂര്‍ പടിഞ്ഞാറ്റയില്‍ വച്ചു ദൈവമായി കണ്ടവര്‍ ആരാധിച്ചു .
മാങ്ങാട്:കണ്ണൂര്‍ പറശ്ശിനി കടവിനടുത്തെ പ്രദേശം (മന്ദപ്പന്റെ ജന്മ ദേശം )

ഒറ്റകാഞ്ഞിരം തട്ട് :മന്ദപ്പന്‍ വിശ്രമിച്ചു എന്ന് കരുതപ്പെടുന്ന കാഞ്ഞിരത്തറ,ഇവിടെ എല്ലാവര്‍ഷവും കതിവനൂര്‍ വീരന്‍ കെട്ടിയാടിക്കാറുണ്ട് .


ചെമ്മരത്തി തറ :പ്രത്യേകം തയ്യാറാക്കിയ ഒരു തറയ്ക്ക് ചുറ്റും വട്ടമിട്ടാണ് ഈ തെയ്യം നൃത്തം വെയ്ക്കുക .ഇത് ചെമ്മരത്തിയാണ് എന്നാണു വിശ്വാസം .(ചിത്രം നോക്കുക ).
  

ഫോട്ടോ കടപ്പാട് :: ശ്രീലാൽ പി. പി 

Tuesday, February 12, 2013

വൈരജാതന്‍ ...തട്ടും തെയ്യം


ശ്രീ മഹാദേവന്റെ വൈരത്തില്‍ നിന്നും ജനിച്ച പുത്രന്‍.വൈരത്തില്‍ ജാതനായവന്‍ വൈരജാതന്‍ .ശിവന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സതി, ക്ഷണമില്ലാതിരുന്നിട്ടും തന്റെ പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നു .ദേവന്മാരും മുനിശ്രേഷ്ടരുമടക്കം ഇരിക്കുന്ന സഭയില്‍ വച്ച് ദക്ഷന്‍ പുത്രിയെ ക്ഷണിക്കാതെ വന്നതെന്തിന് എന്ന് ചോദിച്ചു അപമാനിച്ചു .തന്റെ പതിയെ ധിക്കരിച്ചും അച്ഛന്റെ അടുക്കല്‍ വന്നു അപമാനം നേരിടേണ്ടി വന്നതില്‍ ദുഖിതയായ സതി യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തു .വിവരമറിഞ്ഞ മഹാദേവന്‍ കോപിഷ്ഠനായി തന്റെ ജടപറിച്ചു നിലത്തടിച്ചു .അതില്‍ നിന്നും വൈരജാതന്‍ പിറവികൊണ്ടു.ശിവന്റെ ആജ്ഞപ്രകാരം ശിവഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗശാലയില്‍ ചെന്ന് യാഗത്തിന് വന്നവരേയും യാഗം ചെയ്യുന്നവരും വധിച്ചു .ദക്ഷന്റെ തലയറുത്തു .എന്നിട്ടും അരിശം തീരാഞ്ഞ് യാഗശാല ചുട്ടുകരിച്ചു .ശ്രീ മഹാദേവന്‍ പുത്രന്‍ പ്രവൃത്തിയിങ്കല്‍ സന്തുഷ്ടനായി .പുത്രനെ അനുഗ്രഹിച്ചു .


ശ്രീ മഹാദേവന്റെ ആജ്ഞപ്രകാരം മാനുഷലോകത്ത് എത്തിയ വൈരജാതന്‍ വേട്ടക്കൊരുമന്റെയും ക്ഷേത്രപാലകന്റെയും കൂടെ ചേര്‍ന്ന്ദുഷ്ടനിഗ്രഹണം നടത്തിയെന്നു പറയപ്പെടുന്നു .വൈരജാതന് തട്ടും തെയ്യമെന്നും ഉത്തരകോടി ദൈവമെന്നും പറയാറുണ്ട്‌ .ഉഗ്രമൂര്‍ത്തിയായ ഈ തെയ്യക്കോലം കണ്ടു നില്‍ക്കുന്നവരെപോലും തന്റെ പരിചകൊണ്ട് അടിക്കാറുണ്ട് .അതുകൊണ്ട് തന്നെയായിരിക്കാം തട്ടും തെയ്യമെന്ന പേരുവന്നതും.


ഫോട്ടോ കടപ്പാട് :: ഗൂഗിള്‍ 

Monday, February 11, 2013

കക്കര ഭഗവതി..രൗദ്രമൂർത്തിയായ അഗ്നിദേവത
ശ്രീ മഹാദേവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നും പിറവിയെടുത്ത ദേവതയാണ് കക്കരഭഗവതിയെന്നു പറയപ്പെടുന്നു .പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന കക്കരഭഗവതിയുടെ  ആരൂഡസ്ഥാനം കല്‍കുറക്കാവ് എന്ന കക്കരക്കാവാണ് എന്ന് തോറ്റം പാട്ടുകളില്‍ പറയുന്നു . പൂന്തോട്ടം,കാളകാട് എന്നീ മാന്ത്രിക പാരമ്പര്യമുള്ള ഇല്ലങ്ങളുമായും ഈ ദേവിയുടെ ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു .ഒരിക്കല്‍ കാളകാട് നമ്പൂതിരി പൂജചെയ്തു കൊണ്ടിരിക്കുമ്പോള്‍ കരഞ്ഞ കുഞ്ഞിനെ ദേവി കൊന്നു കളഞ്ഞെന്നും അതിനാല്‍ കോപം പൂണ്ട കാളകാട് ദേവിയുടെ സാന്നിധ്യം ഉണ്ടായിരുന്ന വാള്‍  ഇനിയിടെ വേണ്ടായെന്ന ഭാവത്തില്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്നും പുഴയിലൂടെ ഒഴുകിവന്ന വാള്‍ പൂന്തോട്ടം കണ്ടെടുക്കുകയും ആരാധിക്കുകയും ചെയ്തുവെന്നും ഒരു കഥകേട്ടിട്ടുണ്ട്.മാമ്പള്ളി ഭഗവതി,അറുംബള്ളി ഭഗവതി,ചെക്കിചേരി ഭഗവതി,കാരാട്ട് ഭഗവതി,കോയികുളങ്ങര ഭഗവതി,ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ തുടങ്ങി പല നാടുകളില്‍ പലപേരുകളാണ് ഈ ദേവതയ്ക്ക് എന്ന് കേട്ടിട്ടുണ്ട്.ഉഗ്രമൂര്‍ത്തിയായ ഈ ദേവിയുടെ നൃത്ത ചുവടുകള്‍ ചടുലമാണ്.ചെണ്ടയുടെ ആസുരിക താളത്തില്‍ ഉറഞ്ഞുതുള്ളുന്ന ഈ തെയ്യക്കോലം കാഴ്ചക്കാരില്‍ തീര്‍ച്ചയായും ഭീതിയുണര്‍ത്തും.ഉടയില്‍ കുത്തി നിര്‍ത്തിയ തീപന്തവും കൊണ്ട് കാഴ്ചക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഈ തെയ്യക്കോലം ക്രോധഭാവം വളരെയധികമുള്ള ഉഗ്രമൂര്‍ത്തികളില്‍ ഒന്നാണ്  

ഫോട്ടോ കടപ്പാട് :: ഗൂഗിള്‍ 

Sunday, February 10, 2013

മടയില്‍ ചാമുണ്ടി തെയ്യം...തെയ്യത്തിന്റെ സൌന്ദര്യം.....

ദേവാസുരയുദ്ധത്തില്‍ അസുരന്മാരെ നിഗ്രഹിക്കാന്‍ ദേവിയെടുത്ത അവതാരങ്ങളില്‍ ഒന്നായ കൌശികി ദേവിയുടെ അംശാവതാരം .യുദ്ധത്തില്‍ ദേവി ആകാശം മുതല്‍ പാതാളം വരെ ചെന്ന് അസുരന്മാരെ കൊന്നൊടുക്കാന്‍ തുടങ്ങി .ദേവിയോട് യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ അസുരന്മാര്‍ പാതാളത്തിലെ ഗുഹയില്‍ ചെന്നൊളിച്ചു.ദേവി വരാഹി രൂപമെടുത്ത്‌ മടയില്‍ ഒളിച്ചിരുന്ന അസുരന്മാരെ വധിച്ചു .ചണ്ടമുണ്ടന്‍മാരെ വധിച്ചതിനാലാണ് ചാമുണ്ഡി എന്ന നാമം കൈ വന്നതെന്നും മടയില്‍ ചെന്ന് അസുരന്മാരെ വധിച്ചതിനാല്‍ മടയില്‍ ചാമുണ്ഡി എന്ന നാമം കൈവന്നുവെന്നും പറയപ്പെടുന്നു .

.വണ്ണാടില്‍ പൊതുവാള്‍ സുഹൃത്തായ പയ്യടക്കത്ത് നായരെയും കൂട്ടി നായാട്ടിനു പുറപ്പെട്ടു. കാട്ടില്‍ ഗുഹയില്‍ നിന്നുമൊരു അനക്കം കേട്ടതിനാല്‍ പന്നിയാണെന്നു കരുതി അമ്പെയ്തു. അപ്പോള്‍ ഗുഹയില്‍ നിന്നും വലിയൊരു അലര്‍ച്ചയോടെ ഘോരരൂപം പുറത്തു ചാടി. രണ്ടുപേരും പേടിചോടുകയും വണ്ണാടില്‍ പൊതുവാളെ ഘോര രൂപം പൂണ്ട ദേവി നിഷ്കരുണം വധിക്കുകയും ചെയ്യുകയാണുണ്ടായത് എന്നും പറയപ്പെടുന്നു .പയ്യടക്കത്ത് നായരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ആലന്തട്ട മടവാതിലിലും(ദേവത ഉയിര്‍കൊണ്ടു എന്ന് പറയപ്പെടുന്ന ഗുഹ ) വണ്ണാട് കൊട്ടിലിലും ശാന്തയായി നിലകൊണ്ടു ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞുമെന്നും അനുബന്ധമായി തെയ്യത്തിന്റെ ഐതിഹ്യത്തില്‍ പറയുന്നു .


വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായതുകൊണ്ട് ഈ ദേവി പന്നിമുഖം വച്ചാണ് നൃത്തം ചെയ്യുന്നത്.ആലന്തട്ട മടവാതില്‍ക്കലാണ് ദേവി കുടികൊള്ളുന്ന പ്രധാനകാവ് .തെയ്യക്കോലങ്ങളില്‍ ഏറ്റവും മനോഹരമായി ആടയാഭാരണങ്ങള്‍ അണിഞ്ഞിരിക്കുന്ന തെയ്യക്കോലം എതെന്നുള്ള ചോദ്യത്തിന് ആദ്യം ചൂണ്ടികാണിക്കാന്‍ പറ്റുന്നൊരു തെയ്യക്കോലം മടയില്‍ ചാമുണ്ഡിയാണ്.  


ഫോട്ടോ കടപ്പാട് :: വികാസ് മംഗലശ്ശേരി 

ഗുളികൻ തെയ്യം...നാനാകർമങ്ങളിലും കുടികൊള്ളുന്ന ശിവചൈതന്യം


പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരല്‍ പൊട്ടിപിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികന്‍ .തന്റെ ഭക്തനായ മാര്‍ക്കണ്ടേയന്റെ രക്ഷാര്‍ത്ഥം മഹാദേവന്‍ കാലനെ തന്റെ മൂന്നാം തൃക്കണ്ണ്‍തുറന്നു ഭസ്മമാക്കി .കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി .ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവര്‍ മഹാദേവനോടും പരാതി പറഞ്ഞു .അതിനൊരു പരിഹാരമെന്നോണം പെരുവിരല്‍ ഭൂമിയിലമര്‍ത്തിയ മഹാദേവന്റെ ഇടതു തൃക്കാല്‍ പൊട്ടി അതില്‍ നിന്നും ഗുളികന്‍ അവതരിച്ചു .ത്രുശൂലവും കാലപാശവും നല്‍കി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാന്‍ മഹാദേവന്‍ ഭൂമിയിലേക്കയച്ചു .


മലയസമുദായക്കാരുടെ പ്രാധാന ആരാധനാമൂര്‍ത്തി ഗുളികനാണ് .അവരുടെ പൂജയില്‍ മാത്രമാണ് ഗുളികന്‍ പ്രസാദിക്കുന്ന എന്നാണു കേട്ടിട്ടുള്ളത് .ജനനം മുതല്‍ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു .വെടിയിലും പുകയിലും കരിയിലുമടക്കം നാനാകര്‍മ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി .


ഫോട്ടോ കടപ്പാട് :: ഗൂഗിള്‍ 

Saturday, February 9, 2013

ആദ്യ പോസ്റ്റ്‌ .....ശ്രീ മുത്തപ്പനെക്കുറിച്ച്


കോലത്തിരി രാജാവാണ് തെയ്യമെന്ന അനുഷ്ഠാനകല സൃഷ്ടിച്ചതെന്നു
കരുതപ്പെടുന്നു.തെയ്യങ്ങൾ മലബാറിന്റെ സാമൂഹ്യ ചരിത്രത്തെ 
ഒരുപാടു സ്വാധീനിക്കുന്നുണ്ട് . ഒരു ദേശത്തിന്റെ ഐക്യം നിലനിർത്താനും
ബന്ധങ്ങൾ ഊട്ടിഉറപ്പിക്കാനും അത് സഹായിക്കുന്നുണ്ട് .ജാതി മത 
രാഷ്ട്രീയ  ഭേദമന്യേ ആളുകള്‍ പങ്കാളികളാകുന്നു എന്നതാണ് തെയ്യത്തിന്റെ
ഏറ്റവും വലിയ പ്രത്യേകത .അവിടെ ചെറിയവനെന്നോ വലിയവനെന്നോ
എന്ന ഭാവമില്ല .ജാതിയില്ല മതമില്ല .ഓരോ ഭക്തനും നേരിട്ട് ദൈവത്തോട്
സങ്കടമുണര്‍ത്തിക്കാം. ഈ കാരണങ്ങള്‍ കൊണ്ടായിരിക്കാം മറ്റുള്ള 
അനുഷ്ഠാനകലയില്‍ നിന്നും തെയ്യം വേറിട്ട്‌ നില്‍ക്കുന്നത് .ഓരോ 
തെയ്യത്തിന്റെയും ലക്ഷ്യം സാമൂഹ്യ നന്മ തന്നെയാണ് .
തെയ്യങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം മുത്തപ്പനെക്കുറിച്ച്
തന്നെപറയണം .ഇവിടെ കുറിക്കുന്ന കഥകള്‍ പലരില്‍ നിന്നും കേട്ടറിഞ്ഞവ
മാത്രമാണ് .തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടാകാം .തിരുത്തലുകളിലൂടെ
മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത് .
.
ശ്രീ മുത്തപ്പന്‍
ഒരു പേരില്‍ രണ്ടുമൂര്‍ത്തികള്‍.അതാണ് മുത്തപ്പന്റെ ഏറ്റവും വലിയ പ്രത്യേകത .മത്സ്യാവതാര രൂപമണിഞ്ഞ വൈഷ്ണവാംശമൂര്‍ത്തിയായ തിരുവപ്പനെന്ന മുത്തപ്പനും ശിരസ്സില്‍ ചന്ദ്രക്കലചൂടിയ ശ്രീ മഹാദേവന്‍ വെള്ളാട്ടമുത്തപ്പനെന്ന മുത്തപ്പനും .രണ്ടു മൂര്‍ത്തികളെയും ഒരുമിച്ചു പറയുന്ന പേരാണ് മുത്തപ്പന്‍ .  
മക്കളില്ലാതിരുന്ന ഏരുവേശ്ശി ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്തെ വാഴുന്നോര്‍ക്കും പാടികുറ്റി അമ്മയ്ക്കും പ്രാര്‍ത്ഥനയുടെ ഫലമായി, ശിവപ്രസാദമായി, കൊട്ടിയൂരിലെ തിരുവഞ്ചിറയില്‍ വച്ച് ദിവ്യത്വം തുളുമ്പുന്ന മുഖമുള്ള ഒരു കുഞ്ഞിനെ കിട്ടുന്നു.അവന്‍ അയ്യങ്കര ഇല്ലത്ത് വളര്‍ന്നു .ചെറുപ്പത്തിലെ തന്നെ കുട്ടി കാട്ടില്‍ പോയി വേട്ടയാടുകയും ഇറച്ചി ഭക്ഷിക്കുകയും കാട്ടുനിവാസികളായ ജനങ്ങളുമായി കൂട്ടുകൂടി നടക്കുകയും ചെയ്തു .ഇതറിഞ്ഞ വാഴുന്നോര്‍ പുത്രനെ ശാസിച്ചുവെങ്കിലും ഫലമുണ്ടായില്ല.സ്വന്തമിഷ്ടപ്രകാരം വീടുവിട്ടിറങ്ങാന്‍ തുനിഞ്ഞ പുത്രനെ വാഴോന്നോരും പാടികുറ്റിയമ്മയും തടഞ്ഞു .അച്ഛനുമമ്മയ്ക്കും മത്സ്യാവതാരരൂപമുള്ള തന്റെ വിശ്വരൂപം കാണിച്ചു കൊടുത്തു അവന്‍. മകന്റെ കണ്ണുകളിലെ അഗ്നി കണ്ട പാടികുറ്റിയമ്മ അത് തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും അതിനാല്‍ പോയ്ക്കണ്ണ്‍ ധരിക്കണമെന്നും പറഞ്ഞു.അമ്മയുടെ ആജ്ഞ ശിരസ്സാവഹിച്ച ഭഗവാന്‍ അതാരോദ്ധശ്യം വ്യക്തമാക്കിയ ശേഷം അവിടെ നിന്നും പുറപ്പെട്ടു .
കുന്നത്തൂര്‍ മലയില്‍ എത്തിയ ദേവനെ  അവിടെമാകെ അലയടിച്ചെത്തിയ പനംകള്ളിന്റെ ഗന്ധം വല്ലാതെ ആകര്‍ഷിച്ചു .ദേവന്‍ സ്വയം പനയിലെക്ക് കയറി വേണ്ടുവോളം പനംകള്ള് കുടിച്ചു .കള്ളിന്റെ രുചിയില്‍ ആകൃഷ്ടനായി  അതൊരു ശീലവുമാക്കി . കള്ളെടുക്കാന്‍ വരുന്ന ചന്തന്‍ എന്ന തീയ യുവാവ് തന്റെ പനയില്‍ നിന്നും സ്ഥിരമായി കള്ള് മോഷണം പോകുന്നുണ്ട് എന്ന് മനസ്സിലാക്കി .അയാള്‍ കള്ള് മോഷ്ടിക്കുന്ന ആളെ പിടിക്കാന്‍ തന്റെ ആയുധമായ അമ്പും വില്ലും കൊണ്ട് അടുത്തുള്ള കാട്ടില്‍ ഒളിച്ചിരുന്നു . പനയുടെ മുകളില്‍ കയറി കള്ളെടുത്തു കുടിക്കുന്ന രൂപത്തെകണ്ട് ആദ്യമൊന്നു ഭയപ്പെട്ടെങ്കിലും  ധൈര്യം സംഭരിച്ച് അയാള്‍ ആ രൂപത്തെ ലക്ഷ്യമാക്കി അമ്പെയ്തു.ലക്ഷ്യം തെറ്റിയത് പനയില്‍ തറച്ചു .തന്റെ നേരെ അമ്പെയ്ത ചന്തനെക്കണ്ട് കോപിഷ്ഠനായ ദേവന്‍ ചന്തനെ ശപിച്ചു കല്ലാക്കി മാറ്റി .നേരം ഇരുട്ടിയിട്ടും ഭര്‍ത്താവിനെ കാണാതെ വിഷമിച്ച് വന്ന ചന്തന്റെ ഭാര്യ പനംചുവട്ടില്‍ കല്ലായി മാറിയ തന്റെ ഭര്‍ത്താവിനെ കണ്ടു നിലവിളിച്ചു കരഞ്ഞു .പനയുടെ മുകളില്‍ ഒരു ദിവ്യരൂപം കള്ള് കുടിക്കുന്നത് കണ്ട ചന്തന്റെ സഹധര്‍മ്മിണി “എന്റെ മുത്തപ്പായെന്നു”  (ബഹുമാനത്തോടു കൂടി വിളിക്കുന്ന വാക്ക്, ചന്തന്റെ ഭാര്യയാണ് മുത്തപ്പനെ ആദ്യമായി അങ്ങനെ വിളിച്ചത് എന്ന് പറയപ്പെടുന്നു.) വിളിച്ചു കരഞ്ഞു .ഭഗവാനെ പ്രീതിപ്പെടുത്താന്‍ അവരുടെ കയ്യില്‍ ആകെ ഉണ്ടായിരുന്ന .കടലയും പയറും വേവിച്ചു മത്തിയും ചുട്ട് ഒരു കുടം കള്ളും വച്ചുകൊടുത്തു .അതാണത്രേ ആദ്യ പൈങ്കുറ്റി.(മുത്തപ്പന്റെ പ്രധാന നൈവേദ്യത്തിനു പറയുന്ന പേരാണ് ഇത് ). സംപ്രീതനായ മുത്തപ്പന്‍ ചന്തനെ പഴയരൂപത്തിലാക്കി .
അവിടെ നിന്നും യാത്ര തിരിച്ച ദേവന്‍ പുരളിമലയിലും കുന്നത്തൂര്‍ മലയിലുമായി വേട്ടയാടി നടന്നു . പുരളി മലയില്‍ വച്ചു ശൈവാംശ മുത്തപ്പനെ കണ്ടു മുട്ടി .കാലങ്ങളോളം  അവര്‍ യുദ്ധം ചെയ്തു .ജയവും തോല്‍വിയും ആര്‍ക്കെന്ന് നിര്‍ണ്ണയിക്കാന്‍ പറ്റാതെയായി .രണ്ടുപേരും ഒന്നാവേണ്ടവര്‍ ആണെന്ന തിരിച്ചറിവില്‍ ഒന്ന് ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനമായി .അതിന്‍ പ്രകാരം തങ്ങള്‍ക്ക് യോഗ്യമായ ഇരിപ്പിടം വേണമെന്ന തോന്നലില്‍ കുന്നത്തൂര്‍ മലയില്‍ നിന്നും ലക്ഷ്യമില്ലാതെ ഒരു അമ്പ് അയയ്ക്കുകയും ആ അമ്പ് മത്സ്യ സമ്പത്ത് ഏറെയുള്ള വളപട്ടണപുഴയ്ക്കരികില്‍ പറചീനി കാടുകള്‍ നിറഞ്ഞു നിന്ന സ്ഥലത്തുള്ള മരത്തില്‍ ചെന്നു തറയ്ക്കുകയും ചെയ്തു .അവിടെയാണ് ഇന്ന് കാണുന്ന പറശ്ശിനി മടപ്പുര പണിഞ്ഞിട്ടുള്ളത് .പറചീനി എന്ന പേര് ലോപിച്ചാണ് പറശ്ശിനി ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു .അന്ന് അവിടെ ചെന്നു തറയ്ക്കപെട്ടു എന്ന് പറയപ്പെടുന്ന അമ്പ് ഇന്നും ശ്രീകോവിലിനുള്ളില്‍ കാണാം .

ഒരു കണ്ണൂരുകാരനും തന്റെ നാടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറശ്ശിനിക്കടവിനെ ഉള്‍പെടുത്താതെ സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല .കാരണം മുത്തപ്പന്‍ അവരെ,അവരുടെ ജീവിതത്തെ അത്രെയേറെ സ്വാധീനിക്കുന്നുണ്ട്.ജാതി മത വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന പറശ്ശിനി മടപ്പുര അതിന്റെ ആദിത്യമര്യാദയിലും മറ്റേതു ആരാധനാലയങ്ങളെക്കാള്‍ ഒരുപടി മുന്നിലാണെന്നു പറയാതെ വയ്യ .രാവിലെയും വൈകുന്നേരവും ചായയും പയര്‍ പുഴുങ്ങിയതും (ഇത് മുഴുവന്‍ നേരവും കിട്ടും ) ഉച്ചയ്ക്കും രാത്രിയിലും ചോറും അടങ്ങുന്ന പ്രസാദം അത് പറശ്ശിനിയുടെയും മുത്തപ്പന്റെയും മാത്രം പ്രത്യേകതയാണ് .
 
ഫോട്ടോ കടപ്പാട് :: ഗൂഗിള്‍